
അഹമ്മദാബാദിലെ പാൽദി പ്രദേശത്തെ കോൺഗ്രസ് ഓഫീസിന് പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന പ്രതിപക്ഷത്തിൻ്റെ ആഹ്വാനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കോൺഗ്രസ് ഓഫീസിന് പുറത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
കോൺഗ്രസിൽ നിന്ന് പരാതി ലഭിച്ചത് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും, സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എല്ലിസ്ബ്രിഡ്ജ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ബി.ഡി. ജിലാരിയ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി യുവജന വിഭാഗം രാജീവ് ഗാന്ധി ഭവനിലേക്ക് എത്തുകയും, ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുക്കുകയുമായിരുന്നു. ഇരു വിഭാഗവും തമ്മിലുണ്ടായ കല്ലേറിൽ അസിസ്റ്റൻ്റ് കമ്മീഷണർ അടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച എല്ലിസ്ബ്രിഡ്ജ് പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും, അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ പൊലീസ് കോൺസ്റ്റബിൾ കർമരാജ് ഭഗവത് സിൻഹിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ 450ഓളം കോൺഗ്രസ്, ബിജെപി പ്രവർത്തകർക്ക് എതിരെയാണ് ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മറ്റൊന്ന് ബിജെപിയുടെ അഹമ്മദാബാദ് യൂണിറ്റ് യുവജന വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.
ബിജെപി പ്രവർത്തകർക്ക് അക്രമത്തിൽ പങ്കുണ്ടെന്നതിന് വിവിധ തെളിവുകൾ ലഭിച്ചിട്ടും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ശക്തിസിൻഹ് ഗോഹിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പ്രക്ഷോഭം നടത്തുമെന്ന ഗോഹിലിൻ്റെ ആഹ്വാനത്തിന് മണിക്കൂറുകൾക്ക് ശേഷം, 15 ബിജെപി പ്രവർത്തകർക്കും 150ഓളം വരുന്ന ജനക്കൂട്ടത്തിനുമെതിരെ പൊലീസ് മറ്റൊരു എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ഹിമ്മത്‌സിങ് പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജൂലൈ ആറിന് രാഹുൽ ഗാന്ധി അഹമ്മദാബാദ് സന്ദർശിച്ച് കോൺഗ്രസ് പ്രവർത്തകരെ കാണും. പാർട്ടിയുടെ സംസ്ഥാന ഘടകം ഇതിനകം രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും, അദ്ദേഹം സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും ഗോഹിൽ കൂട്ടിച്ചേർത്തു.