
ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ ബിജെപിയില്‍ പൊട്ടിത്തെറി. 67 അംഗ ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ നേതാക്കള്‍ ബിജെപി വിട്ടു. റഠിയ എംഎല്‍എയായ ലക്ഷ്മണ്‍ നപ സീറ്റ് നിഷേധിച്ചതോടെ ബിജെപി വിട്ടിരുന്നു. പിന്നാലെ ഹരിയാനയിലെ വൈദ്യുതി മന്ത്രിയായ രഞ്ജിത് ചൗടാല ബിജെപി വിട്ടു. ചൗടാല കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
67 അംഗ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ നിലവിലെ ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നിയുടെ അടക്കം പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം രണ്ട് മന്ത്രിമാരും എട്ട് സിറ്റിംഗ് എംഎല്‍എമാരും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. ഇവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജനനായക് ജനതാ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയവര്‍ക്ക് വരെ സീറ്റ് നല്‍കിയപ്പോഴും സിറ്റിംഗ് എംഎല്‍എമാര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും അവസരം നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിനകത്ത് പാര്‍ട്ടിയിൽ പ്രതിഷേധം പുകയുന്നത്.
ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഇത്തവണ സഖ്യകക്ഷികള്‍ ഇല്ലാതെയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. അതേസമയം, രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും ബിജെപി ഉടന്‍ പുറത്തുവിട്ടേക്കും.