ഷാഹി ജമാ മസ്ജിദിൽ സർവെയ്‌ക്കെതിരെ സംഘർഷം; ഏറ്റുമുട്ടി പൊലീസും പ്രദേശവാസികളും

പൊലീസുകാർക്കെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടു
ഷാഹി ജമാ മസ്ജിദിൽ സർവെയ്‌ക്കെതിരെ സംഘർഷം; ഏറ്റുമുട്ടി പൊലീസും പ്രദേശവാസികളും
Published on

ഉത്തർപ്രദേശിലെ സംഭലിൽ മുസ്ലിം പള്ളിയിലെ സർവെയെ ചൊല്ലി സംഘർഷം. ഷാഹി ജമാ മസ്ജിദിൽ സർവെയ്ക്കെത്തിയ പൊലീസും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടി. പൊലീസുകാർക്കെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീയിട്ടു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

ഷാഹി ജമാ മസ്ജിദിൽ സർവേ നടപടികൾക്കെത്തിയ പൊലീസുകാരും പ്രദേശവാസികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കോടതി ഉത്തരവോടെ പള്ളിയിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. മുസ്ലിം പള്ളി യഥാർഥത്തിൽ ഹിന്ദു ക്ഷേത്രമാണെന്ന പരാതിയെ തുടർന്നായിരുന്നു കോടതി സർവേയ്ക്ക് ഉത്തരവിട്ടത്.

പ്രതിഷേധക്കാർ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടെങ്കിലും പ്രദേശത്ത് കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടായിരുന്നു. അഞ്ചിലധികം ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്.

അതേസമയം, ഷാഹി ജമാ മസ്ജിദിൽ ഇതാദ്യമായിട്ടല്ല സർവെ നടത്തുന്നത്. ഈ മാസം 19നും ഉദ്യോഗസ്ഥർ സർവെ നടപടികൾക്കെത്തിയിരുന്നു. നിലവിൽ തർക്കം നിലനിൽക്കുന്ന പള്ളിയുടെ സ്ഥാനത്ത് മുമ്പ് ഒരു അമ്പലം ഉണ്ടായിരുന്നുവെന്നും, മുഗൾ രാജാവ് ബാബർ 1529 കാലഘട്ടത്തിൽ അമ്പലം ഭാഗികമായി തകർത്തുവെന്നുമാണ് ഹർജിക്കാരൻ്റെ പരാതി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com