ഔറംഗസേബിന്റെ ശവകുടീരത്തെ ചൊല്ലിയുള്ള സംഘർഷം; നാഗ്പൂരിൽ നിരോധനാജ്ഞ: അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതന്ന് മുഖ്യമന്ത്രി

ഔറംഗസേബിന്റെ ശവകുടീരത്തെ ചൊല്ലിയുള്ള സംഘർഷം; നാഗ്പൂരിൽ നിരോധനാജ്ഞ: അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതന്ന് മുഖ്യമന്ത്രി

സംഭവവുമായി ബന്ധപ്പെട്ട് 20 ലധികം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു
Published on


മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകൂടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തും, ബജ്റങ് ദളും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നാഗ്പൂരിലെ മഹൽ എന്ന പ്രദേശത്താണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. സംഘർഷത്തിൽ പൊലീസുകാരുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. അഗ്നിശമന സേനയുടെതുൾപ്പടെയുള്ള വാഹനങ്ങളാണ് പ്രതിഷേധക്കാർ തീയിട്ടത്. അക്രമത്തിൽ നിരവധി ഫയർമാൻമാർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിൽ 15 പൊലീസുകാർക്കും പരിക്കേറ്റു. ഇതോടെ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം നിയന്ത്രണവിധേയമാക്കിയത്.


ശിവജി ചൗക്കിൽ മറാത്ത ചക്രവർത്തി ശിവജിയുടെ ജന്മദിനം ആഘോഷിക്കാൻ വിശ്വാസികൾ എത്തിയിരുന്നു. ഇതിനിടെയാണ് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ഹിന്ദു സംഘടനകളായ ബജ്റംഗ് ദളും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടത്. തുടർന്ന് ഇരുസംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തങ്ങളുടെ വിശുദ്ധ ഗ്രന്ഥം പ്രതിഷേധക്കാർ കത്തിച്ചുവെന്നാണ് മുസ്ലീം സമൂഹം ആരോപിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 20 ലധികം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കൂടുതൽ കുറ്റവാളികൾക്കായ സിസിടിവി ദൃശ്യങ്ങളും മറ്റ് വീഡിയോ ക്ലിപ്പുകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവരോടും സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആവശ്യപ്പെട്ടു. മഹൽ പ്രദേശത്തെ സംഘർഷാവസ്ഥയിൽ പൊലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നാഗ്പൂർ സമാധാനപരമായ ഒരു നഗരമാണ്. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. ജനങ്ങൾ ശാന്തത പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com