
തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും സംഭവത്തിന്‍റെ വീഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ഭീഷണിപ്പടുത്തുന്നതായി പരാതി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ മോഹ്ന പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ചാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
വിവരമറിഞ്ഞ് വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ, പോക്‌സോ നിയമത്തിന് കീഴില്‍ കേസ് രജിസ്റ്റർ ചെയ്തതായി ഗ്വാളിയോർ എഎസ്‍പി നിരഞ്ജൻ ശർമ അറിയിച്ചു.
വീഡിയോ ചിത്രീകരിച്ച രണ്ട് പ്രതികളെയും ബലാത്സംഗം ചെയ്തയാളേയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിനുപയോഗിച്ച വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ 18നും 20നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാറിൻ്റെ പിൻസീറ്റിലിരുന്ന് യുവാക്കളിൽ ഒരാൾ കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും, മറ്റൊരാൾ ഡ്രൈവറുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന് സംഭവത്തിൻ്റെ വീഡിയോ എടുക്കുകയുമായിരുന്നു എന്നാണ് ഇരയുടെ മൊഴിയിൽ പറയുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.