നിരോധനാജ്ഞ ലംഘനം; പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് കസ്റ്റഡിയിൽ, ലഡാക്കിൽ ബന്ദ്

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ ജമ്മു കശ്മീർ,ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നു
നിരോധനാജ്ഞ ലംഘനം; പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്  കസ്റ്റഡിയിൽ, ലഡാക്കിൽ ബന്ദ്
Published on

ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് നടത്തിയ മാർച്ച്‌ ഡൽഹി പൊലീസ് തടഞ്ഞു. കൂടാതെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു. ഇതിനെ തുടർന്ന് ലേ അപക്സ്ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും സംയുക്തമായി ലഡാക്കിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സോനം വാങ്ചുകിൻ്റെ കസ്റ്റഡിയിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്.

ഡൽഹിയിൽ ഒക്‌ടോബർ 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നിട്ടും മാർച്ച് നടത്തി നിരോധനാജ്ഞ ലംഘിച്ചുവെന്നതിൻ്റെ പേരിലാണ് നടപടി. സോനം വാങ്ചുകും അനുയായികളും ഗാന്ധി സമാധിയിലേക്ക് മാർച്ച് നടത്തുകയായിരുന്നു. സിംഗു അതിർത്തിയിൽ നിന്നാണ് സോനം വാങ്ചുക് ഉൾപ്പെടെ 120-ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അഞ്ച് വർഷം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരിനെ ഓർമ്മിപ്പിക്കാനുള്ള ദൗത്യത്തിലാണ് തങ്ങളെന്ന് വാങ്ചുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരുന്നു.

സംസ്ഥാന പദവി, ഗോത്രവർഗ വിഭാഗങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ ഉൾപ്പെടുത്തൽ, ലഡാക്കിന് ശക്തമായ പാരിസ്ഥിതിക സംരക്ഷണം എന്നിവയ്ക്കായാണ് താൻ പോരാടുന്നതെന്ന് വാങ്ചുക് നേരത്തെ വ്യക്തമാക്കിയിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com