
ഇന്ത്യയിൽ നികുതി ഭീകരതയുണ്ടെന്നും രാജ്യമെങ്ങും ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ സംസാരിക്കവെയാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യം ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയിലാണെന്നും യുവാക്കൾക്കായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ എന്ത് ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
"ബജറ്റിൽ നേട്ടം അദാനിക്കും അംബാനിക്കും മാത്രമാണ്. കർഷകർക്ക് ദുരിതം മാത്രമാണുള്ളത്. ചെറുകിട കച്ചവടക്കാർ ബുദ്ധിമുട്ടിലാണ്. ബജറ്റിൽ അഗ്നിവീറുകൾക്ക് പെൻഷന് വേണ്ടി ഒരു രൂപ പോലും മാറ്റിവെച്ചില്ല. രാജ്യത്തെ മിഡിൽ ക്ലാസ്സുകാർക്കും ബജറ്റിൽ ഒന്നുമില്ല. രാജ്യം ചക്രവ്യൂഹത്തിലാണ്, അത് നിയന്ത്രിക്കുന്നത് അംബാനിയും അദാനിയും അടക്കമുള്ളവരാണ്," രാഹുൽ ആരോപിച്ചു.
"യുവാക്കൾക്കായി ബജറ്റിൽ ഒന്നുമില്ല. കർഷകർ ആവശ്യപ്പെട്ടതും ഇല്ല. അഗ്നിവീർ ചക്രവ്യൂഹം യുവാക്കളെ ബാധിക്കുന്നു. ബജറ്റിൽ അഗ്നിവീറുകൾക്ക് പെൻഷന് വേണ്ടി ഒരു രൂപ പോലും മാറ്റിവെച്ചില്ല. മധ്യവർഗത്തിന് ബജറ്റിൽ ഒന്നുമില്ല. രാജ്യം ചക്രവ്യൂഹത്തിൽ, നിയന്ത്രിക്കുന്നത് അംബാനിയും അദാനിയും അടക്കമുള്ളവരാണ്. മോദിക്ക് അംബാനിയെയും അദാനിയെയും രക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഞാനത് മനസിലാക്കുന്നു," രാഹുൽ വിമർശിച്ചു.
രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ പ്രസംഗത്തിൽ സ്പീക്കർ ഇടപെട്ടു. സഭയിൽ അസത്യം പറയരുതെന്ന് രാഹുൽ ഗാന്ധിയോട് സ്പീക്കർ ആവശ്യപ്പെട്ടു. സദസ്സിന്റെ മാന്യത കാത്തു സൂക്ഷിക്കണമെന്നും ഓം ബിർള പറഞ്ഞു. തന്നെ കാണാൻ വന്ന കർഷകരുടെ സംഘത്തെ തടഞ്ഞെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന്, ആരെയൊക്കെ പാർലമെന്റിലേക്ക് കടക്കാൻ അനുവദിക്കണമെന്നത് സ്പീക്കറുടെ അധികാരമാണെന്ന് സ്പീക്കർ മറുപടി നൽകി. സഭയുടെ ചട്ടങ്ങൾ പാലിച്ച് സംസാരിക്കണമെന്ന് രാഹുലിനോട് കേന്ദ്രമന്ത്രി കിരൺ റിജിജുവും ആവശ്യപ്പെട്ടു.