
പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയതോടെ തുണി സഞ്ചി നിർമ്മാതാക്കൾ പ്രതിസന്ധിയിലായി. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം മുന്നിൽ കണ്ട് നിർമ്മാണം ആരംഭിച്ച കുടുംബശ്രീ യൂണിറ്റുകളുടെ സഞ്ചികൾ ഇപ്പോൾ വിറ്റുപോകാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് ഉള്ളത്. വ്യാപാര സ്ഥാപനങ്ങൾ തുണി സഞ്ചികൾക്ക് പ്രാധാന്യം നൽകാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നു.
വർധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപയോഗം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ 2020ൽ സർക്കാർ നിരോധിക്കുന്നത്. ഇതിന് പകരമായി വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും തുണി സഞ്ചികൾ ഉപയോഗിക്കണം എന്നും സർക്കാർ നിർദേശിച്ചു.
നിരോധനം നിലവിൽ വന്നതോടെ കുടുംബശ്രീ യൂണിറ്റുകൾ സ്വയം തൊഴിലായി തുണി സഞ്ചി നിർമ്മാണത്തിലേക്ക് കടന്നു. ആദ്യ ഘട്ടത്തിൽ വൻ ലാഭത്തിലായിരുന്നു യൂണിറ്റുകൾ. എന്നാൽ കാലക്രമേണ പരിശോധന കുറയുകയും പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ വിപണിയിൽ തിരികെയെത്തുകയും ചെയ്തു. ഇതോടെ തുണിസഞ്ചികൾ ആർക്കും വേണ്ടാതെയായി. 14 രൂപയ്ക്ക് കടകളിൽ വിൽക്കുന്ന തുണി സഞ്ചികൾ വിപണിയിലെത്തുമ്പോൾ 18 മുതൽ 20 രൂപ വരെയാകും. തുണി സഞ്ചികൾ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ വ്യാപാരികൾക്കും താല്പര്യമില്ലെന്നാണ് പരാതി. തയ്യൽ മെഷീൻ അടക്കം ലോൺ എടുത്താണ് പലരും നിർമ്മാണത്തിലേക്ക് കടന്നത്. നിർമ്മിച്ചു വെച്ച സഞ്ചികൾ വിറ്റു പോകാത്തതോടെ സാമ്പത്തികമായും പലരും പ്രയാസത്തിലാണ്.