"ലഹരി ഉപയോഗത്തിൽ സർക്കാർ കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നു, രാജ്യത്ത് മയക്കുമരുന്ന് എത്തുന്ന തുറമുഖങ്ങളിൽ കേരളമില്ല"

ക്രമസമാധാന പ്രശ്നങ്ങൾക്ക് മദ്യമോ മയക്കുമരുന്നോ മാത്രമല്ല കാരണം. അവ പ്രത്യേക കേസായി പഠിക്കണം. രോഗം അറിഞ്ഞുകൊണ്ട് സാമൂഹ്യശാസ്ത്രപരമായ ചികിത്സ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
"ലഹരി ഉപയോഗത്തിൽ സർക്കാർ കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നു, രാജ്യത്ത് മയക്കുമരുന്ന് എത്തുന്ന തുറമുഖങ്ങളിൽ  കേരളമില്ല"
Published on


സംസ്ഥാനത്തെ ലഹരി അതിക്രമങ്ങൾ അവസാനിപ്പിക്കാൻ വിശാല ആലോചനായോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ സകല മേഖലകളിലുള്ള ആളുകളെയും ഉൾപ്പെടുത്തിയായിരിക്കും യോഗം. സംസ്ഥാനത്തെ ലഹരി ഉപയോഗത്തിൽ സർക്കാരും എൻഫോഴ്സ്മെന്റ് ഏജൻസികളും കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേവലം ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ല നിലവിലെ പ്രശ്നങ്ങൾ. സമീപകാലത്തെ സംഭവങ്ങൾ വളരെ ഗൗരവത്തോടെ കാണണമെന്നും ഇത് കേവലം ക്രമസമാധാന പ്രശ്നമല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കണക്കുകൾ നിരത്തിക്കൊണ്ടായിരുന്നു സർക്കാർ ലഹരിക്കെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന. 2024 ൽ 24,517 പേരെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തെന്ന് പിണറായി വിജയൻ വ്യക്തമാക്കി. 100 കോടിക്ക് താഴെയാണ് സംസ്ഥാനത്ത് പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം. എന്നാൽ ശിക്ഷാനിരക്ക് കൂടുതലാണ്. മയക്കുമരുന്നിന്റെ യഥാർഥ ഉറവിടത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വളരെ ഫലപ്രദമായി നടപ്പാക്കുന്ന പദ്ധതിയാണ് 'വിമുക്തി' എന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തുനിന്നും എന്തെങ്കിലും കുറവുണ്ടെങ്കിൽ പരിഹരിച്ച് ശക്തിപ്പെടുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മയക്കുമരുന്ന് എത്തുന്ന തുറമുഖങ്ങളിൽ കേരളമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നൽകിയ മറുപടിയാണിത്, ഇതിൽ കക്ഷി രാഷ്ട്രീയത്തിന്റേതായ അഭിപ്രായവ്യത്യാസവും ഉണ്ടാകേണ്ടതില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ലഹരി മരുന്നിനെതിരെ ഏത് തരത്തിലുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ ആരംഭിച്ചാലും പ്രതിപക്ഷം അതിന്റെ കൂടെയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പറഞ്ഞിരുന്നു.


സംസ്ഥാനത്ത് കൂടിവരുന്ന കുറ്റകൃത്യങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമനടപടികൾ ഫലപ്രദമായി കൈക്കൊള്ളുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. "പല മുഖങ്ങളും പല തലങ്ങളും ഉള്ള വിഷയങ്ങളാണ് ഇവ. അതിനപ്പുറം സാമൂഹ്യ മാനമുള്ള വിഷയം കൂടിയാണ്. സവിശേഷമായ സംസ്കാരവും ജീവിത സാഹചര്യവും ഇവിടെയുണ്ട്. വ്യക്തിപരമായ തലത്തിലേക്കോ രാഷ്ട്രീയ തലത്തിലേക്കോ ഇതിനെ ചുരുക്കി കാണാൻ പാടില്ല. ക്രമസമാധാന പ്രശ്നങ്ങൾക്ക് മദ്യമോ മയക്കുമരുന്നോ മാത്രമല്ല കാരണം. അവ പ്രത്യേക കേസായി പഠിക്കണം. രോഗം അറിഞ്ഞുകൊണ്ട് സാമൂഹ്യശാസ്ത്രപരമായ ചികിത്സ വേണം," മുഖ്യമന്ത്രി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com