'എഡിഎമ്മിന്റെ മരണത്തില്‍ പി.പി. ദിവ്യക്ക് തെറ്റുപറ്റി'; കണ്ണൂര്‍ ജില്ലാ സമ്മേളന മറുപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാടില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളന ചര്‍ച്ചയുടെ മറുപടിയില്‍ പറഞ്ഞു.
'എഡിഎമ്മിന്റെ മരണത്തില്‍ പി.പി. ദിവ്യക്ക് തെറ്റുപറ്റി'; കണ്ണൂര്‍ ജില്ലാ സമ്മേളന മറുപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി
Published on

പി.പി. ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിഎമ്മിന്റെ മരണത്തില്‍ പി.പി. ദിവ്യക്ക് തെറ്റുപറ്റിയെന്നാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാടില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളന ചര്‍ച്ചയുടെ മറുപടിയില്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.പി. ദിവ്യയെ പിന്തുണച്ചും എതിര്‍ത്തും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി, ദിവ്യ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്ത് അപക്വമായി പെരുമാറി തുടങ്ങിയവയായിരുന്നു ദിവ്യക്കെതിരായ വിമര്‍ശനങ്ങള്‍. അതേസമയം ദിവ്യയ്ക്കെതിരായ നടപടി മാധ്യമ വിചാരണയ്ക്ക് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയെന്നും നടപടി ശരിയായ രീതിയിലായിരുന്നില്ലെന്നും പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമുയര്‍ന്നു.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിഷയത്തില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാട് സമ്മര്‍ദ്ദം വര്‍ധിപ്പിച്ചെന്നും ഒരു വിഭാഗം പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനടക്കമുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമാണെന്നത് സത്യമാണ്. അതുകൊണ്ടാണ് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞത്. ആ കാഴ്ചപ്പാട് തന്നായാണ് അന്നും ഇന്നും പാര്‍ട്ടിക്ക് ഉള്ളതെന്ന് എം വി ജയരാജനും ജില്ലാ സമ്മേളനത്തിനിടെ പറഞ്ഞു.

കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പിപി ദിവ്യക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചിരുന്നു. കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം ശരിവെച്ചു കൊണ്ടായിരുന്നു ദിവ്യക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com