'സംഘപരിവാർ CBFCയേക്കാള്‍ വലിയ സെൻസർ ബോർഡായി'; ചില ഭാഗങ്ങളുടെ പേരിൽ എമ്പുരാന്‍‌ ആക്രമിക്കപ്പെട്ടുവെന്ന് പിണറായി വിജയന്‍

സംഘപരിവാറിന് ഇഷ്ടമല്ലാത്ത ആശയങ്ങൾ പാടില്ലെന്നാണ് പിടിവാശിയെന്ന് പിണറായി വിജയൻ പറഞ്ഞു
'സംഘപരിവാർ CBFCയേക്കാള്‍ വലിയ സെൻസർ ബോർഡായി'; ചില ഭാഗങ്ങളുടെ പേരിൽ 
എമ്പുരാന്‍‌ ആക്രമിക്കപ്പെട്ടുവെന്ന് പിണറായി വിജയന്‍
Published on

സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് സമാപന സമ്മേളന പ്രസംഗത്തിൽ എമ്പുരാൻ വിഷയം പരാമർശിച്ച് മുഖ്യമന്ത്രിയും പിബി അം​ഗവുമായ പിണറായി വിജയൻ. എമ്പുരാൻ‌ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല. രാഷ്ട്രീയ സിനിമ പോലുമല്ല. വ്യവസായ സിനിമ ആയിരുന്നിട്ടും ചില ഭാഗങ്ങളുടെ പേരിൽ ചിത്രം ആക്രമിക്കപ്പെട്ടു. സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി സംഘപരിവാർ പ്രവർത്തിക്കുന്നുവെന്ന് പിണറായി വിമർശിച്ചു.

സംഘപരിവാറിന് ഇഷ്ടമല്ലാത്ത ആശയങ്ങൾ പാടില്ലെന്നാണ് പിടിവാശിയെന്ന് പിണറായി വിജയൻ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ സംഘപരിവാർ ശിക്ഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അക്രമിക്കപ്പെടുന്നു. കേരളത്തിൽ കമ്യൂണിസ്റ്റുകൾ ആക്രമിക്കപ്പെടുന്നുവെന്നും പിണറായി പറഞ്ഞു. കേരള, തമിഴ്നാട് സർക്കാരുകളോട് കേന്ദ്രം പകയോടെ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വഖഫ് ബില്‍ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും പിണാറായി വിജയൻ പറഞ്ഞു. വഖഫ് ഈ അജണ്ട നടപ്പാക്കാനുള്ള ആയുധമാണ്. ഇത് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കുന്നു. സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള പദ്ധതിയാണെന്ന് പലരും തിരിച്ചറിയുന്നില്ലെന്നും പിണറായി പറഞ്ഞു.

മധുര വണ്ടിയൂര്‍ ശങ്കരയ്യ നഗറിൽ നടക്കുന്ന സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ്‌ ഓഫ്‌ ചെയ്ത റെഡ് വോളണ്ടിയർ മാർച്ചിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്.

അതേസമയം, കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായ പ്രചരണത്തിലും സംഘടനാ കാര്യത്തിലും പിണറായി തന്നെ നയിക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. തുടർ ഭരണം നേടിയെടുക്കാൻ വേണ്ടി പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നടത്തേണ്ട പ്രവർത്തനങ്ങൾ നടത്തിയാൽ തുടർ ഭരണം കിട്ടും. അത്തരത്തിൽ തുടർ ഭരണം കിട്ടാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് പാർട്ടി കോൺ​ഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നും എം.എ. ബേബി കൂട്ടിച്ചേർ‌ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com