'കേരളം മിനി പാകിസ്ഥാനെ'ന്ന പ്രസ്താവന പ്രകോപനപരം അപലപനീയം; ബിജെപി മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല: മുഖ്യമന്ത്രി

സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവല്‍ക്കരിച്ചും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്.
'കേരളം മിനി പാകിസ്ഥാനെ'ന്ന പ്രസ്താവന പ്രകോപനപരം അപലപനീയം; ബിജെപി മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല: മുഖ്യമന്ത്രി
Published on


കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവല്‍ക്കരിച്ചും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. അതിനെ പിന്‍പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം പൂനെയില്‍ വെച്ച് നടന്ന റാലിയില്‍ സംസാരിക്കവെയാണ് നിതേഷ് റാണെ കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവന നടത്തിയത്. കേരളം മിനി പാകിസ്ഥാന്‍ ആണെന്നും അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും അവിടെ നിന്നും വിജയിച്ചതെന്നുമായിരുന്നു റാണയുടെ പ്രസ്താവന.

എല്ലാ തീവ്രവാദികളും അവര്‍ക്ക് വോട്ട് ചെയ്തു. അതാണ് സത്യം. ഇത് ആരോട് വേണമെങ്കിലും ചോദിക്കാമെന്നും നിതേഷ് റാണ പറഞ്ഞിരുന്നു. എന്നാല്‍ നിതേഷ് റാണയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും മഹാ വികാസ് അഘാഡിയുമടക്കം രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com