വയനാട് പുനരധിവാസം: കർണാടക സർക്കാരിന് നന്ദി; സിദ്ധരാമയ്യയുടെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി

കര്‍ണാടക സര്‍ക്കാരിന്റെ ഉള്‍പ്പെടെ എല്ലാ ഓഫറുകളും സംയോജിപ്പിക്കും.
വയനാട് പുനരധിവാസം: കർണാടക സർക്കാരിന് നന്ദി; സിദ്ധരാമയ്യയുടെ കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി
Published on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പിന് അന്തിമ രൂപമാകുമ്പോള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

സമഗ്രമായ പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ ഉള്‍പ്പെടെ എല്ലാ ഓഫറുകളും സംയോജിപ്പിക്കും. 100 വീടുകള്‍ നിര്‍മിക്കാന്‍ സന്നദ്ധത അറിയിച്ച കര്‍ണാടകയ്ക്ക് നന്ദിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

'വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സന്നദ്ധത അറിയിച്ചതിന് കര്‍ണാടക സര്‍ക്കാരിനോടുള്ള നന്ദി അറിയിക്കുന്നു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഇനിയൊരു ദുരന്തം ബാധിക്കാത്ത തരത്തിലും, അവര്‍ക്ക് വൈകാരികമായി അടുപ്പമുള്ള സ്ഥലത്ത് തന്നെയും വീടുകള്‍ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വീടുകള്‍ നിര്‍മിച്ചു നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനം അവരെ പുനരധിവസിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിയോട് ചേര്‍ത്ത് തന്നെ പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു,'കത്തില്‍ ആവശ്യപ്പെടുന്നു.

ഡിസംബര്‍ ഒന്‍പതിനാണ് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനവുമായി കര്‍ണാടക സര്‍ക്കാര്‍ കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ കത്തിന് കേരളം മറുപടി നല്‍കിയില്ലെന്ന് കാണിച്ച് സിദ്ധരാമയ്യ കത്തിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയിതിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മറുപടിക്കത്ത് നല്‍കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com