അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചതായി കുടുംബം

ജുലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അര്‍ജുനെ കാണാതായത്
അർജുൻ്റെ കുടുംബത്തോടൊപ്പം മുഖ്യമന്ത്രി
അർജുൻ്റെ കുടുംബത്തോടൊപ്പം മുഖ്യമന്ത്രി
Published on

കര്‍ണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബത്തോടൊപ്പം പത്ത് മിനുട്ട് ചെലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. അര്‍ജുനെ കണ്ടെത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി കുടുംബം പറഞ്ഞു. കുടുംബത്തിൻ്റെ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. 

അര്‍ജുനെ കണ്ടെത്തുന്നതിനായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈശ്വര്‍ മാല്‍പെ സ്വന്തം ഉത്തരവാദിത്തത്തിലാണ് തെരച്ചിലിന് ഇറങ്ങാന്‍ തയ്യാറായത്. എന്നാല്‍, എഫ്‌ഐആര്‍ അടക്കം രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസില്‍ നിന്ന് ഭീഷണി ലഭിച്ചതോടെ അദ്ദേഹം തിരിച്ചുപോയി എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. 

അർജുനെ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. ഏത് പ്രയാസങ്ങളിലും കൂടെയുണ്ടാവുമെന്ന ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്.

മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്ന് എത്തി പുഴയില്‍ സ്വമേധയാ തെരച്ചില്‍ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിദഗ്ധ സഹായം ഇല്ലാതെ മാല്‍പെയെ പുഴയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയായിരുന്നു.

Also Read: 

ജുലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അര്‍ജുനെ കാണാതായത്. പിന്നാലെ, അര്‍ജുന് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ട്രക്ക് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നിര്‍ത്തിവെക്കേണ്ടി വന്നു.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചത്. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന സാധ്യമാകുമോ എന്ന് പരിശോധിക്കാനിരിക്കെയാണ് വീണ്ടും കാലാവസ്ഥ പ്രതികൂലമായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com