പാലക്കാട് പ്രചരണം ശക്തമാക്കി മുന്നണികൾ; ഇടത് സ്വതന്ത്രൻ പി. സരിനുവേണ്ടി മുഖ്യമന്ത്രി ഇന്നെത്തും

ഇന്നും നാളെയുമായി ആറ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി സംസാരിക്കുക. രാവിലെ 11 ന് പാലക്കാട് നഗരത്തിലെ മേപ്പറമ്പിലും വൈകീട്ട് 5 ന് മാത്തൂരിലും 6 ന് കൊടുന്തിരപ്പുള്ളിയിലുമാണ് പൊതുയോഗങ്ങൾ.
പാലക്കാട് പ്രചരണം ശക്തമാക്കി മുന്നണികൾ; ഇടത് സ്വതന്ത്രൻ പി. സരിനുവേണ്ടി മുഖ്യമന്ത്രി ഇന്നെത്തും
Published on



ഈ മാസം 20പതിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട് മണ്ഡലത്തിൽ പ്രചരണ കൊഴുപ്പിക്കുകയാണ് മുന്നണികൾ. പ്രചരണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്ന സാഹചര്യമായതുകൊണ്ടുതന്നെ പ്രമുഖ നേതാക്കളെ അണിനിരത്തിയാണ് സ്ഥാനാർഥികളുടെ വോട്ടഭ്യർഥന. ഇടത് സ്വതന്ത്ര സ്ഥാനാർഥി പി സരിന്റെ പ്രചാരണ പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാടെത്തും.

ഇന്നും നാളെയുമായി ആറ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി സംസാരിക്കുക. രാവിലെ 11 ന് പാലക്കാട് നഗരത്തിലെ മേപ്പറമ്പിലും വൈകീട്ട് 5 ന് മാത്തൂരിലും 6 ന് കൊടുന്തിരപ്പുള്ളിയിലുമാണ് പൊതുയോഗങ്ങൾ. നാളെയും 3 പരിപാടികളാണ് മണ്ഡലത്തിൽ മുഖ്യമന്ത്രിക്കുള്ളത്.

അതേ സമയം പാലക്കാട് മണ്ഡലത്തിൽ ഉയർന്ന ഇരട്ടവോട്ട് വിവാദത്തിൽ ജില്ലാ ഭരണകൂടെ അന്വേഷണം ആരംഭിച്ചു. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന പരാതിയിലാണ് അന്വേഷണം. സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരോട് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര വിശദീകരണം തേടിയിരുന്നു.

കോൺഗ്രസ് വ്യാപകമായി വ്യാജ വോട്ട് ചേർത്തെന്ന് വോട്ടർ പട്ടിക നിരത്തിയാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍, എൽഡിഎഫ് സ്ഥാനാർഥി പി.സരിനും ഭാര്യയുമടക്കം വ്യാജവോട്ട് ചേർത്തെന്നാണ് കോൺഗ്രസിൻ്റെ പ്രതിരോധം. പരിധിക്കപ്പുറം ആക്ഷേപം തുടർന്നാൽ കോൺഗ്രസിലെ പലരുടെയും തലകൾ ഉരുളുന്ന രേഖകൾ പുറത്തുവിടുമെന്നായിരുന്നു ആരോപണങ്ങളോടുള്ള സരിൻ്റെ മറുപടി.

മണ്ഡലത്തിന് പുറത്തെ വോട്ടുകളടക്കം വ്യാപകമായി പാലക്കാട്ടെ വോട്ടർ പട്ടികയില്‍ ഉൾപ്പെടുത്തിയെന്നാണ് കോൺഗ്രസിനെതിരായ സിപിഎമ്മിൻ്റെ ആരോപണം. ഇതിന് അടിസ്ഥാനമായി വോട്ടർപട്ടികയിലെ ഇരട്ടിപ്പ് അടക്കമുള്ള വിശദാംശങ്ങളും സിപിഎം നിരത്തുന്നു. എന്നാൽ, തിരുവില്വാമലക്കാരനായ സ്ഥാനാർഥി പി. സരിനും ഭാര്യ സൗമ്യയും എങ്ങനെ പാലക്കാട്ടെ വോട്ടർമാരായെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചോദ്യം.

വി.ഡി.സതീശൻ ആരോപണമുന്നയിച്ച് മിനിറ്റുകൾക്കകം പി. സരിൻ വാർത്താസമ്മേളനത്തിൽ മറുപടി നല്‍കി. ആക്ഷേപം തുടർന്നാൽ കോൺഗ്രസിലെ പലരുടെയും തലകൾ ഉരുളുന്ന രേഖകൾ പുറത്തുവിടുമെന്നായിരുന്നു സരിന്‍റെ മറുപടി. ആർഎസ്എസുമായി ആരൊക്കെ ചർച്ച നടത്തിയെന്ന തെളിവുകൾ പുറത്തുവിടുമെന്നും പി. സരിന്‍ കൂട്ടിച്ചേർത്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com