എൽഡിഎഫിന് ലഭിച്ചത് മതനിരപേക്ഷ വോട്ടുകൾ, ഭരണ വിരുദ്ധ വികാരമെന്ന പ്രചരണം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല: മുഖ്യമന്ത്രി

വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
എൽഡിഎഫിന് ലഭിച്ചത് മതനിരപേക്ഷ വോട്ടുകൾ, ഭരണ വിരുദ്ധ വികാരമെന്ന പ്രചരണം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല: മുഖ്യമന്ത്രി
Published on

എൽഡിഎഫ് സർക്കാരിനുള്ള ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ വിരുദ്ധ വികാരം എന്ന പ്രചരണം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെയും വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെയും വിജയികളെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിൽ പറഞ്ഞു.

സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിത്. പാലക്കാട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം. ഭരണ വിരുദ്ധ വികാരം എന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല. വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com