
പി.ആർ.ഏജൻസി വിവാദത്തിൽ നിയമസഭയിലും കൃത്യമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു പത്രത്തിന് അഭിമുഖം നൽകുമ്പോൾ പിആർ പ്രതിനിധി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. ചോദ്യം പ്രസക്തമല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണ് കേരളം. കേരളം വർഗീയ ശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ്. ഹിന്ദുപത്രത്തിൻ്റെ പ്രതിനിധിക്കാണ് അഭിമുഖം നൽകിയത്. മലപ്പുറം പരാമർശം നടത്തിയിട്ടില്ലെന്നും ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് പിആർ ഏജൻസിയുടെ പ്രതിനിധി ഉണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ല. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രാജ്ഭവനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദേശവിരുദ്ധ പരാമർശത്തിൽ കാര്യങ്ങൾ വളച്ചൊടിക്കരുതെന്ന് പറയുന്ന മുഖ്യമന്ത്രി ഗവർണറുടെ അധികാര പരിധി ഓർമ്മിപ്പിച്ചാണ് മറുപടി കത്ത് നൽകിയത്. ദ ഹിന്ദുവിനെയാണോ മുഖ്യമന്ത്രിയെ ആണോ വിശ്വാസമെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും, എന്തുകൊണ്ടാണ് ഹിന്ദുവിന് എതിരെ നടപടി എടുക്കുന്നില്ലെന്നും ഗവർണർ വീണ്ടും ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് നൽകുന്ന റിപ്പോർട്ടിൽ എന്തും പ്രതീക്ഷിക്കാമെന്നാണ് ഗവർണറുടെ നിലപാട്.