മാസപ്പടി കേസ്: പകർപ്പെടുക്കാൻ കോടതിയില്‍ സൗകര്യമില്ല, വീണാ വിജയന്റെ മൊഴിയടക്കമുള്ള രേഖകൾ ഇഡിക്ക്‌ ഉടൻ ലഭിക്കില്ല

കാൽ ലക്ഷത്തിലധികം രേഖകളാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചത്
മാസപ്പടി കേസ്: പകർപ്പെടുക്കാൻ കോടതിയില്‍ സൗകര്യമില്ല, വീണാ വിജയന്റെ മൊഴിയടക്കമുള്ള രേഖകൾ ഇഡിക്ക്‌ ഉടൻ ലഭിക്കില്ല
Published on


സിഎംആർഎൽ-എക്സാ ലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ വിജയന്റെ മൊഴിയടക്കമുള്ള രേഖകൾ ഇഡിക്ക്‌ ഉടൻ ലഭിക്കില്ല. പകർപ്പ് എടുക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് വിചാരണ കോടതി അറിയിച്ചു. പകരം സംവിധാനം ഒരുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും വിചാരണ കോടതി ഇത് നിഷേധിച്ചു.



കാൽ ലക്ഷത്തിലധികം രേഖകളാണ് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചത്. പകർപ്പെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കുറ്റകൃത്യം നടന്നെന്ന അനുമാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയിരുന്നു. കേസിൽ ഇൻകം ടാക്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഎംആർഎല്ലിനും വീണാ വിജയന്റെ സ്ഥാപനത്തിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

സിഎംആർഎൽ-എക്സാലോജിക് കേസിലെ വീണാ വിജയന്റെ മൊഴിയിലെ വിവരങ്ങൾ എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എക്സാലോജിക് സൊല്യൂഷൻസ് സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്ന് വീണ മൊഴി നൽകിയെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ വിശദീകരണവുമായി വീണയും രം​ഗത്തെത്തി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, എക്സാലോജിക് സൊല്യൂഷൻസ് സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി എന്ന തരത്തിലുള്ള മൊഴി എസ്എഫ്ഐഒയ്ക്ക് നൽകിയിട്ടില്ലെന്നും വാർത്താ കുറിപ്പിലൂടെ വീണ പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com