മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ എതിർകക്ഷികള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി

കേസിലെ എതിർകക്ഷികളുടെ വാദം കൂടി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ എതിർകക്ഷികള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി
Published on

സിഎംആർഎൽ- എസ്കാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഇൻകം ടാക്സിന് കോടതി നിർദേശം നൽകി. കേസിലെ എതിർകക്ഷികളുടെ വാദം കൂടി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിബിഐ അന്വേഷണ ഹർജി നിലനിൽക്കുമോയെന്നത് സംബന്ധിച്ചായിരിക്കും ആദ്യം വാദം നടത്തുക. ജൂണ് 17 ന് ഹർജി വീണ്ടും  പരിഗണിക്കും.

എസ്എഫ്ഐഒ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എം.ആർ. അജയൻ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രിക്കും മകള്‍ ടി. വീണയ്ക്കും എതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനികളും ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെയുള്ള സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരാണ് കേസിലെ മറ്റ് എതിര്‍കക്ഷികള്‍.

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് എസ്എഫ്ഐഒയുടെ റിപ്പോർട്ട്. ഇടപെടലിലൂടെ 2.7 കോടി കൈപ്പറ്റിയ വീണ പ്രതി പട്ടികയിൽ 11-ാമതാണ്. വീണയുടെ ഐടി കമ്പനി ഒരു സേവനവും നൽകിയിരുന്നില്ലെന്നും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുമായി ചേർന്നാണ് പണം കൈപ്പറ്റിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. വീണയ്ക്ക് ഒപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്. വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com