
ഇറാനിലെ കൽക്കരി ഖനിയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മുപ്പതിന് മുകളില്‍ തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു. ദക്ഷിണ ഖൊറാസന്‍ പ്രവിശ്യയിലെ ഖനിയിലെ രണ്ടു ബ്ലോക്കുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. മരണസസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
കൽക്കരി ഖനിയിലെ ബി, സി ബ്ലോക്കുകളിൽ മീഥേൻ വാതകം പൊട്ടിത്തെറിച്ചാണ് അപകടം. അപകടത്തിൽ 31 പേർ മരിച്ചെന്ന് ഇറാൻ ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി അറിയിച്ചു. 17 ഖനി തൊഴിലാളികളെ കാണാനില്ലെന്നും മൊമേനി വ്യക്തമാക്കി. എന്നാൽ 51 പേർ മരിച്ചുവെന്നാണ് പ്രാദേശിക ഇറാൻ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്.
Also Read: ഗാസയില്‍ വീണ്ടും സ്കൂളിനു നേരെ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടു, 19 പേർക്ക് പരുക്കേറ്റു
ഖനിയിലെ ഇരു ബ്ലോക്കുകളിലുമായി 69ല്‍ അധികം തൊഴിലാളികളാണ് അപകട സമയത്ത് ജോലിയിലേർപ്പെട്ടിരുന്നത്. ഇവരിൽ പലരും ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 47 തൊഴിലാളികളുണ്ടായിരുന്ന ബി ബ്ലോക്കിൽ 30 പേരും മരിച്ചെന്ന് ഖൊറാസൻ ഗവർണർ അലി അക്ബർ റഹിമി വ്യക്തമാക്കി. രാജ്യത്തെ കൽക്കരി ഉല്‍പ്പാദനത്തിന്‍റെ 75 ശതമാനത്തിലധികവും നടക്കുന്ന മേഖലയിലാണ് അപകടം നടന്നിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് നിർദേശം നൽകിയതായി ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.