
നെടുമ്പാശേരിയില്‍ 30 കോടിയുടെ കൊക്കെയ്ന്‍ പിടികൂടിയ കേസിന് പിന്നില്‍ മെക്‌സിക്കന്‍ മാഫിയ. പ്രതികളായ ടാന്‍സാനിയന്‍ പൗരന്മാര്‍ കൊച്ചിയിലെത്തിയത് ബിസിനസ് വിസയിലെന്നും കണ്ടെത്തല്‍. ടാന്‍സാനിയ പൗരത്വമുള്ള ഒമാറി അത്തു മണി ജാംഗോയും വെറോണിക്ക അഡ്രേഹം ദുംഗുവുമാണ് പിടിയിലായത്. ഇരുവരും അന്തര്‍ദേശീയ ലഹരി മാഫിയയുടെ ഏജന്റുമാര്‍ മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
വ്യാഴാഴ്ചയാണ് ഇരുവരും ഒമാനില്‍ നിന്നും കൊച്ചിയിലേക്കെത്തിയത്. തുടര്‍ന്ന് അങ്കമാലി ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് വയറിനുള്ളില്‍ കൊക്കെയ്ന്‍ ഉണ്ടെന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍.
യുവാവിന്റെ വയറ്റില്‍ നിന്ന് ഏകദേശം രണ്ടുകിലോയോളം കൊക്കെയ്‌നാണ് പുറത്തെടുത്തത്. യുവതിയുടെ ശരീരത്തിനുള്ളിലും സമാന അളവില്‍ കൊക്കെയ്‌നുണ്ടായിരുന്നു. ദഹിക്കാത്ത തരത്തിലുള്ള പേപ്പറില്‍ പൊതിഞ്ഞാണ് ലഹരിമരുന്ന് വിഴുങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.