
കൊച്ചിൻ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനെ അവഗണിച്ച് സതേൺ റെയിൽവേ ട്രിവാൻഡ്രം ഡിവിഷൻ. നേരത്തെ ഷൊർണൂർ വരെ ട്രെയിൻ സർവീസ് ഉണ്ടായിരുന്ന സ്റ്റേഷനാണ് ഇന്ന് നാശത്തിൻ്റെ വക്കിലുള്ളത്. കൊച്ചിൻ ഹാർബർ ടെർമിനസിന്‍റേത് വിക്റ്റോറിയൻ മാതൃകയിൽ ബ്രിട്ടീഷുകാർ നിർമിച്ച കെട്ടിടമാണ്.
രണ്ടു പ്ലാറ്റ്‌ഫോമുകളാണ് ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനിലുള്ളത്. പശ്ചിമ കൊച്ചിയുടെ വികസന മാതൃകയാകേണ്ട സംവിധാനമാണിത്. എന്നാല്‍ അധികാരികളുടെ അനാസ്ഥ കാരണം കെട്ടിടവും സംവിധാനങ്ങളും നശിക്കുകയാണെന്നാണ് ആരോപണം.
Also Read: ഓണത്തിന് പ്രതിഷേധ കഞ്ഞിവെച്ചിട്ടും ഫലമില്ല; ആനുകൂല്യങ്ങള്‍ക്കായി ലേക്‌ഷോറുമായി വീണ്ടും ചർച്ച നടത്താന്‍ നഴ്സുമാർ
ഏഴ് വർഷങ്ങൾക്ക് മുമ്പ് സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ട്രാക്കിൻ്റെ ജോലികളും അന്തിമഘട്ടത്തിലായിരുന്നു. ഐലൻഡ് മുതൽ അങ്കമാലി വരെ ഡെമു സർവീസ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ പ്രഖ്യാപനം എങ്ങുമെത്തിയില്ല. പഴയ വെണ്ടുരുത്തി പാലത്തിൻ്റെ ബലക്ഷയം ചൂണ്ടി കാണിച്ച് 2005ലാണ് ഈ റൂട്ടില്‍ തീവണ്ടി സർവീസ് സ്ഥിരമായി നിർത്തിവെക്കുന്നത്.
എന്നാൽ 14 വർഷങ്ങൾക്ക് ശേഷം 2019ൽ നാല് ഡെമു സർവീസുകൾ പുനരാരംഭിച്ചു. ലാഭകരമല്ലെന്ന് വ്യക്തമാക്കി 11 ദിവസത്തിന് ശേഷം ഈ സർവീസ് റെയിൽവേ അവസാനിപ്പിച്ചു. നിലവിൽ റിസർവേഷൻ കൗണ്ടർ മാത്രമാണ് സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. വാണിജ്യ കേന്ദ്രമായ ഐലൻഡിൽ റെയിൽ സർവീസ് മെച്ചപ്പെടുത്തിയാൽ പശ്ചിമ കൊച്ചിയുടെ വികസനത്തിന് ഊർജമാകുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്ന്ത്.