
തൃശൂർ കൈപ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് സൂചന. കോയമ്പത്തൂർ സ്വദേശി അരുണിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടെന്ന് കരുതുന്ന സുഹൃത്തുക്കൾക്കായി കണ്ണൂർ കേന്ദ്രമാക്കി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വടക്ക് ഭാഗത്ത് നിന്ന് വന്ന കാറിൽ എത്തിയ നാല് പേരടങ്ങുന്ന സംഘം ഫിഷറീസ് സ്കൂളിന് സമീപത്ത് വെച്ച് ആംബുലൻസ് വിളിച്ചുവരുത്തിയിരുന്നു. കോയമ്പത്തൂർ സ്വദേശിയായ അരുണിന് അപകടത്തിൽ പരിക്കേറ്റെന്നും ഇയാളെ ആശുപത്രിയിൽ എത്തിക്കണമെന്നും കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ ആംബുലൻസ് ഡ്രൈവറോട് ആവശ്യപ്പെട്ടു.
ആംബുലൻസ് ഡ്രൈവർ കൊടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിൽ അരുണിനെ എത്തിച്ചെങ്കിലും പിന്നാലെ എത്തുമെന്ന് പറഞ്ഞ സുഹൃത്തുക്കളെ കണ്ടില്ല. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ അരുൺ മരിച്ചതായി ഡോകട്ർമാർ സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി അധികൃതരും ആംബുലൻസ് ഡ്രൈവറും പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവം കൊലപാതകം ആണെന്ന് സൂചന പൊലീസിന് ലഭിച്ചു.
കണ്ണൂർ രജിസ്ട്രേഷനുള്ള കാറിലെത്തിയ നാലംഗ സംഘം അരുണിനെ ക്രൂരമായി മർദ്ദിച്ചതയാണ് പൊലീസ് സംശയിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അന്വേഷണ സംഘത്തിന് സൂചനയുണ്ട്. കണ്ണൂർ സ്വദേശികളായ അരുണിന്റെ സുഹൃത്തുക്കൾക്കായി കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധമുള്ള രണ്ട് പേരെ തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂരിലെത്തി നാല് അംഗ സംഘത്തെ കണ്ടെത്താനും സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ശേഖരിക്കാനുമാണ് കൈപ്പമംഗലം പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അരുണിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.