
ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ അനുശോചനമറിയിച്ച് സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപു. ഗുരുതരമായ സംഭവമാണ് ഉണ്ടായത്. അപകടം എങ്ങനെ ഉണ്ടായി എന്നതിൽ വിശദമായ പരിശോധന നടത്തും. വ്യോമായന നിയന്ത്രണ ഡിജിസിഎ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ഇന്ദിരാഗാന്ധി ഇൻ്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍-ഒന്നിന്‍റെ മേല്‍ക്കൂരയാണ് തകർന്ന് വീണത്. മേല്‍ക്കൂര തകര്‍ന്ന് കാറുകള്‍ക്ക് മുകളില്‍ വീണതാണ് അപകടത്തിന് കാരണമായത്. സംഭവത്തെത്തുടര്‍ന്ന് ടെര്‍മിനല്‍ ഒന്നില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചു. വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമേദി ഉദ്ഘാടനം ചെയ്ത ടെർമിനലിലാണ് അപകടം സംഭവിച്ചതെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. മോദി സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ അഴമതികളുടെയും അനാസ്ഥകളുടെയും പ്രതിഫലനമാണ് ഇത്തരം അപകടങ്ങളൾക്ക് കാരണമെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
എന്നാൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് മറ്റൊരു ടെർമിനലാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി പറഞ്ഞു. അപകടത്തിൽ തകർന്ന ടെർമിനൽ -ഒന്നിന്‍റെ മേൽക്കൂര 2008-2009 ൽ നിർമിച്ചതാണ്. ടെർമിനിൽ -ഒന്നിന്‍റെ മേൽക്കൂര നിർമിച്ച് ഉദ്ഘാടനം ചെയ്ത സമയത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരായിരുന്നു അധികാരത്തിലുണ്ടായിരുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.