
ബിഹാറില്‍ ചീട്ടുകൊട്ടാരങ്ങള്‍ പോലെ പൊളിഞ്ഞു വീഴുകയാണ് പാലങ്ങള്‍. കഴിഞ്ഞ 15 ദിവസത്തിനിടെ 10 പാലങ്ങളാണ് ബിഹാറില്‍ തകർന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനത്ത് പാലം പണിയിലൂടെ ഒഴുകിപോയത് ആയിരക്കണക്കിന് കോടികളാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
കഴിഞ്ഞ മാർച്ച് 22ന് നിർമാണത്തിലിരുന്ന സുപോള്‍-മധുബനി പാലം ചീട്ടുകൊട്ടാരം പോലെ തകർന്നിരുന്നു. കോസി നദിക്ക് കുറുകെ, 10.2 കിലോമീറ്ററിലായി 1,700 കോടി ബജറ്റിൽ നിർമിച്ച പാലമായിരുന്നു അത്. കേന്ദ്രത്തിന്‍റെ ഭാരത്‌മാല പദ്ധതിയുടെ ഭാഗമായിരുന്നു നാല് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ നാലുവരി പാലം. അപകടത്തിൽ ഒരാള്‍ മരിച്ചു. മൂന്ന് മാസങ്ങള്‍ക്കിപ്പുറം, കിഷൻഗഞ്ച്, അരാരിയ, മധുബനി, കിഴക്കൻ ചമ്പാരൻ, സിവാൻ, സരണ്‍ ജില്ലകളിലായി, ഇക്കഴിഞ്ഞ 15 ദിവസത്തിനിടെ 10 പാലങ്ങള്‍ ബിഹാറില്‍ തകർന്നുകഴിഞ്ഞു.
"ഡബിൾ എഞ്ചിൻ സർക്കാർ ഭരണമുള്ള നാട്ടിൽ ഒൻപത് ദിവസത്തിനുള്ളിൽ വെറും അഞ്ച് പാലങ്ങൾ മാത്രമാണ് തകർന്നിട്ടുള്ളത്. ഡബിൾ എഞ്ചിൻ ഭരണത്തിനും നേതൃത്വം നൽകുന്ന മോദിക്കും നിതീഷിനും ആശംസകൾ" എന്ന തേജസ്വി യാദവിൻ്റെ പ്രതികരണത്തിന് ശേഷവും, കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പാലങ്ങള്‍ കൂടി നിലംപതിച്ചിരുന്നു. ഇതിനിടെ ജൂണ്‍ 30ന് കിഷൻ ഗഞ്ച് ജില്ലയിലെ ഠാക്കൂർഗഞ്ചില്‍ ബൂന്ദ് നദിക്ക് കുറുകെയുള്ള പാലത്തില്‍ വിള്ളൽ വീണതിന് തുടർന്ന് ഗതാഗതം നിർത്തിവെച്ചിരുന്നു. ഇത് ഗൂഢാലോചനയാണെന്നാണ് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി അന്ന് പ്രതികരിച്ചത്. രണ്ടാഴ്ച മുന്‍പ് വരെ ഒരു കുഴപ്പവുമില്ലാതിരുന്ന പാലങ്ങൾ എങ്ങനെ പെട്ടെന്ന് വീണതെന്നായിരുന്നു മാഞ്ചിയുടെ ചോദ്യം.
എന്നാല്‍ കണക്കുകൾ പറയുന്നത് മറിച്ചാണ്. കഴിഞ്ഞ ജൂണില്‍ നിർമാണത്തിലിരുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലം പകുതി തകർന്നു. 1,716 കോടി ബജറ്റുള്ള പാലം ആദ്യം തകർന്നത് അതിന് മാസങ്ങള്‍ക്ക് മുന്‍പാണ്. അന്വേഷണത്തില്‍ നിർമാണ കമ്പനി എസ്.പി. സിംഗ്ല കണ്‍സ്ട്രക്ഷന്‍സ് കരാറെടുത്ത മറ്റ് ഒന്‍പത് പാലങ്ങള്‍ മൂന്ന് വർഷത്തിനിടെ തകർന്നു വീണെന്ന് കണ്ടെത്തി. 2023ല്‍ മാത്രം പൊളിഞ്ഞത് അഞ്ച് പാലങ്ങളാണ്. എൻ.എച്ച് അതോറിറ്റിയുടെയും റെയില്‍വേയുടെയും വമ്പന്‍ പദ്ധതികളില്‍ കരാറുകാരായ സിംഗ്ല കണ്‍സ്ട്രക്ഷന്‍സ് ബിജെപിക്ക് കൈമാറിയത് 75 ലക്ഷത്തിന്‍റെ ഇലക്ട്രല്‍ ബോണ്ടുകളാണെന്ന വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു.
മോദി രാജ്യത്തിന് സമർപ്പിച്ച ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവിലുമുണ്ട് വിള്ളല്‍. 17,840 കോടി രൂപ ചെലവിൽ നിർമ്മിച്ച കേന്ദ്രത്തിൻ്റെ സ്വപ്ന പദ്ധതിയില്‍ അര കിലോമീറ്റർ നീളത്തിലാണ് വിള്ളല്‍. നിർമാണ നിലവാരം മോശമാണെന്നും, ഒരടിയോളം റോഡ് ഇടിഞ്ഞിട്ടുണ്ടെന്നുമാണ് ആരോപണം. തീരദേശ പദ്ധതിയായ 13,983 കോടി രൂപയുടെ ധർമ്മവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് തീരദേശ റോഡിലും വിള്ളലും ചോർച്ചയുമുണ്ട്.
ഭാരത് മാല പരിയോജനയിൽ രാജ്യത്ത് 34,800 കിലോമീറ്റർ റോഡ് നിർമിക്കുന്നതില്‍ കോടികളുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. ഓരോ കിലോമീറ്ററിനും അനുവദിച്ച തുകയേക്കാള്‍ 10 കോടി അധികം ചിലവഴിച്ചതായാണ് കണ്ടെത്തല്‍. ഈ പദ്ധതി പ്രകാരമുള്ള ഒരു പാലം കഴിഞ്ഞ മാർച്ചില്‍ തകർന്നിരുന്നു. അന്വേഷണ റിപ്പോർട്ടിൽ നിരവധി വീഴ്ച്ചകൾ കണ്ടെത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. 2024ലെ ബില്‍ഡ് ഇന്ത്യ പുരസ്കാരങ്ങളിലൊന്ന് കരാറുകാരന് ലഭിച്ചിരുന്നു.
2022 ഒക്ടോബറിലാണ് ഗുജറാത്തിലെ മോർബി പാലം തകർന്നുവീഴുന്നത്. ഈ തകർച്ചയ്ക്കുണ്ടായ രണ്ട് പ്രധാന വീഴ്ചകള്‍ പിന്നീട് കണ്ടെത്തി. അറ്റകുറ്റ പണിക്ക് കരാർ നല്‍കിയത് വാച്ച്, ടെക്സ്റ്റൈല്‍ മേഖലയിൽ പേരുകേട്ട അജന്ത ഗ്രൂപ്പിനായിരുന്നു. 143 വർഷം പഴക്കമുള്ള പാലത്തിൻ്റെ അറ്റകുറ്റപണികൾ പാച്ച് വർക്കിലൊതുക്കിയെന്ന് മാത്രമല്ല, ഗുണനിലവാരം ഉറപ്പിക്കാതെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ഈ വീഴ്ചയിൽ 141 സാധാരണക്കാരുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്. ഈ മുന്നറിയിപ്പാണ് ഇപ്പോള്‍ ബിഹാറിലും അവഗണിക്കപ്പെടുന്നത്.