"പാറക്കല്ലിലും ചെമ്പ് തകിടിലും കൊത്തിയ ലിഖിതങ്ങളെ ചരിത്രമാക്കി മാറ്റിയ പണ്ഡിതന്‍"; എം.ജി.എസിനെ അനുസ്മരിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും

നാടിൻ്റെ ചരിത്രം സാധാരണക്കാരിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു ഡോ. എം.ജി.എസ്. നാരായണൻ്റേതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അനുസ്മരിച്ചു
"പാറക്കല്ലിലും ചെമ്പ് തകിടിലും കൊത്തിയ ലിഖിതങ്ങളെ ചരിത്രമാക്കി മാറ്റിയ പണ്ഡിതന്‍"; എം.ജി.എസിനെ അനുസ്മരിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും
Published on

ചരിത്രത്തെ സമ​ഗ്രമായി അപ​ഗ്രഥിച്ച് ശാസ്ത്രീയമായ വ്യഖ്യാനമൊരുക്കാൻ ശ്രമിച്ച പ്രമുഖ ചരിത്രകാരൻ എം.ജി.എസ്. നാരായണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും. കക്ഷി രാഷ്ട്രീയ മത ചിന്തകൾക്കപ്പുറം ചരിത്രത്തെ കണ്ടെത്തിയ ആളാണ് എം.ജി.എസ്. എന്ന് സഹപ്രവർത്തകനും ചരിത്ര പണ്ഡിതനുമായ എം.ആർ. രാഘവ വാരിയർ അനുസ്മരിച്ചു. ഭാഗിക വീക്ഷണം എന്ന കാഴ്ചപ്പാട് എം.ജി.എസിന് ഇല്ലായിരുന്നു. പാറക്കല്ലിലും ചെമ്പ് തകിടിലും കൊത്തിയ ലിഖിതങ്ങളെ ചരിത്രമാക്കി മാറ്റിയ പണ്ഡിതനാണ് എം.ജി.എസ്. ആ ചരിത്രധാര കാത്തു വയ്ക്കുക, നിലനിർത്തുക എന്നതാണ് നമ്മുടെ ദൗത്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാടിൻ്റെ ചരിത്രം സാധാരണക്കാരിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു ഡോ. എം.ജി.എസ്. നാരായണൻ്റേതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അനുസ്മരിച്ചു. അധ്യാപകൻ ചരിത്രകാരൻ സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ നാടിനൊപ്പം സഞ്ചരിച്ചിരുന്ന മഹത് വ്യക്തിത്വമായിരുന്നു എം.ജി.എസിൻ്റേതെന്നും മന്ത്രി പറഞ്ഞു. ചരിത്രപരമായ കാര്യങ്ങൾക്ക് അവസാന വാക്കായിരുന്നു എം.ജി.എസ്. നാരായണൻ എന്ന് സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.

ചരിത്രത്തെ സത്യസന്ധമായി രേഖപ്പെടുത്താൻ ശ്രമിച്ച ചരിത്രകാരൻ ആയിരുന്നു എം.ജി.എസ്. നാരായണൻ എന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അനുസ്മരിച്ചു. കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ ഏറെ പ്രിയപ്പെട്ട ഗുരുവായിരുന്നു എം.ജി.എസ് എന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ പറഞ്ഞു. ചരിത്ര കാര്യങ്ങൾക്ക് അപ്പുറത്ത് നാട്ടിലെ പ്രായോഗിക വികസനത്തിലും ഇടപെട്ട മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം എന്ന് മുനീർ പറഞ്ഞു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു എം.ജി.എസ്.  ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം നാല് മണിക്ക് മാവൂർ റോഡ് സ്മൃതി പഥത്തിലാണ് സംസ്കാരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com