
അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ് പള്ളികളും, തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മംഗലം ഡാം സെന്റ് മേരീസ്, എറിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികളും ഏറ്റെടുക്കുവാൻ കളക്ടർമാർക്ക് നിർദേശം നൽകിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭ.
നിരവധി തവണ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ച് നിയമം നടപ്പിലാക്കുന്നതിനെതിരെ നിലകൊണ്ടവർക്കുള്ള താക്കീതുകൂടിയാണ് കോടതി വിധിയെന്ന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ദേവാലയങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചവർ ഇനിയെങ്കിലും വസ്തുതകൾ മനസ്സിലാക്കി നിയമ വ്യവസ്ഥയോട് സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന അഞ്ച് പള്ളികൾ ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാരോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏറ്റെടുത്ത പള്ളിയുടെ താക്കോൽ സൂക്ഷിക്കണമെന്നും, അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. എറണാകുളം, പാലക്കാട് കളക്ടർമാരെ സ്വമേധയാ കക്ഷി ചേർക്കുകയായിരുന്നു. യാക്കോബായ പക്ഷത്തിൻ്റെ കൈവശമുള്ള പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പാലിക്കാത്തതിലുള്ള കോടതിയലക്ഷ്യ ഹർജികളിലാണ് ജസ്റ്റിസ്. വി.ജി അരുൺ ഉത്തരവിട്ടത്.