
മുംബൈ കോളേജില്‍ ഹിജാബ്, നിഖാബ്, ബുര്‍ഖ, തൊപ്പി എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഒന്‍പത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. എഎസ് ചന്ദുര്‍കര്‍ ,രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, മുംബൈ നഗരത്തിലുള്ള കോളേജ് എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. കോളേജിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒന്‍പത് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്.
ജൂലൈയില്‍ , ചെമ്പൂര്‍ ട്രോംബെ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ എന്‍ജി ആചാര്യ, ഡികെ മറാത്തെ കോളേജ് എന്നീ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് പരിസത്ത് ഹിജാബ്, നിഖാബ്, ബുര്‍ഖ, സ്റ്റോള്‍, തൊപ്പി മുതലായവ ധരിക്കാന്‍ പാടില്ലെന്ന് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരുന്നു. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ ഈ തീരുമാനത്തോട് പ്രതിഷേധിക്കുകയും ചെയ്തു.
മൗലിക അവകാശങ്ങളുടെ ലംഘനമാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ എന്ന് പരാതിക്കാര്‍ വാദിച്ചു. കോളേജിന്‍റെ നടപടി ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ഹര്‍ജിയിൽ പറയുന്നു. ജൂനിയര്‍ കോളേജുകളിലെ ഹിജാബ് വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ഈ കേസില്‍ നിന്നും വേറിട്ടു കാണണമെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ അള്‍താഫ് ഖാന്‍ വാദിച്ചു. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം അല്ല ഡ്രസ് കോഡാണ് നടപ്പില്‍ കൊണ്ട് വന്നിരിക്കുന്നത്. അറിയിപ്പ് വാട്‌സപ് സന്ദേശമായാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതെന്നും വക്കീല്‍ വാദിച്ചു.
എന്നാല്‍ തീരുമാനം അച്ചടക്ക നടപടി മാത്രമാണെന്നും മുസ്ലിം വിരുദ്ധമല്ലെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്. അധികാരത്തെ ചായം പൂശി അവതരിപ്പിച്ചതാണ് ഈ നടപടിയെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ഥിനികള്‍ പറയുന്നു.