
വിഴിഞ്ഞം തുറമുഖം ഓണത്തിന് കമ്മിഷൻ ചെയ്യാൻ സാധിച്ചേക്കില്ലെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ. എത്രയും വേഗം കമ്മിഷൻ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കൊളംബോ തുറമുഖത്തേക്കാൾ വിപുലമായ സാധ്യതയാണ് വിഴിഞ്ഞത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ച വിഴിഞ്ഞം തുറമുഖം ഓണത്തിന് കമ്മിഷൻ ചെയ്യുമെന്നായിരുന്നു സർക്കാർ തീരുമാനം. ഇന്ത്യയിലെ ആദ്യ ട്രാൻഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞം, ഒക്ടോബറിലോ നവംബറിലോ മാത്രമെ കമ്മിഷൻ ചെയ്യാൻ സാധിക്കുള്ളൂവെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കൊളംബോ തുറമുഖത്തേക്കാൾ പകുതി നിരക്കിലാണ് വിഴിഞ്ഞം തുറമുഖത്ത് കപ്പൽ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇത് വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യകളാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ബഡ്ജറ്റിൽ തീർത്തും അവഗണനയാണ് വിഴിഞ്ഞത്തിന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.