
പാതിവില തട്ടിപ്പില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പരാതിക്കാരായ സ്ത്രീകള്‍ രംഗത്ത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കളെ വിശ്വാസിച്ചാണ് പണം നല്‍കിയതെന്ന് പരാതിക്കാരായ സ്ത്രീകള്‍ പറയുന്നു. ശ്രീജ, ശ്രീകല, അശ്വതി എന്നിവരുടേതാണ് വെളിപ്പെടുത്തല്‍. ബിജെപി നേതാക്കള്‍ പറ്റിച്ചതായും എ.എന്‍ രാധാകൃഷ്‌നന്‍ അടക്കമുള്ളവര്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം വാങ്ങിയതെന്നാണ് പരാതിക്കാരായ സ്ത്രീകള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. പണം തിരികെ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങി. ആകെയുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയാണ് പണം നല്‍കിയത്. ഒടുവില്‍ സ്‌കൂട്ടറും ഇല്ല, പലിശ കയറി സ്വര്‍ണവും പോയി എന്ന അവസ്ഥയിലാണെന്നും പരാതിക്കാര്‍ പറയുന്നു.
പാതിവില തട്ടിപ്പില്‍ എ.എന്‍.രാധാകൃഷ്ണനെതിരെ തട്ടിപ്പിന് ഇരയായ സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എഎന്‍ രാധാകൃഷ്ണന്‍ പണം വാങ്ങി കബളിപ്പിച്ചതായി എടത്തല സ്വദേശി ഗീതയാണ് പരാതിപ്പെട്ടത്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.
എ.എന്‍. രാധാകൃഷ്ണന്‍ 2024 മാര്‍ച്ച് പത്താം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടത്തിയത്. പകുതി വിലയ്ക്ക് വണ്ടികിട്ടുമെന്ന് പറഞ്ഞുകേട്ടാണ് അവിടെ എത്തിയതെന്നും പരാതിക്കാരി പറയുന്നു.
'ബുക്കിംഗ് കഴിഞ്ഞ് പത്ത് നൂറ് പേരുടെ കയ്യില്‍ നിന്ന് പണം വാങ്ങി. അത് 90 ദിവസത്തിനുള്ളില്‍ കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത്രയും ദിവസം കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ല. പല സ്ഥലങ്ങളിലും ഇതിന് വേണ്ടി കയറിയിറങ്ങി. പെരുമ്പാവൂര്‍, പൊന്നുരുന്നി, ഏലൂര്‍ തുടങ്ങി പല സ്ഥലങ്ങളിലും ടോക്കണ്‍ തരാനെന്നും മറ്റും പറഞ്ഞ് കൊണ്ടു പോയിട്ടുണ്ട്. ഇപ്പോള്‍ ആരും ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. അത് കഴിഞ്ഞ് വണ്ടി മാറ്റിത്തരുമെന്ന് പിന്നീട് പറഞ്ഞു. ഹോണ്ട ഡിയോ ആണ് ബുക്ക് ചെയ്തത്. വണ്ടി മാറ്റിത്തരുമെന്ന് പറഞ്ഞിട്ട് അതുപോലും ഇതുവരെ നടന്നിട്ടില്ല,' ഗീത പറഞ്ഞു.