അപകട മുന്നറിയിപ്പു ബോർഡുകളില്ല, പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ല; തിക്കോടി ബീച്ചിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് പരാതി

രാത്രിയിലും ആളുകളെത്തുന്ന ഇവിടെ പൊലീസ് നിരീക്ഷണവും ഉണ്ടാവാറില്ല
അപകട മുന്നറിയിപ്പു ബോർഡുകളില്ല, പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ല; തിക്കോടി ബീച്ചിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് പരാതി
Published on


ദിനംപ്രതി നൂറുകണക്കിന് ആളുകളെത്തുന്ന കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ സുരക്ഷാ മുൻ കരുതലുകളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് പരാതി. ഒഴിവു ദിവസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന ബീച്ച് ആണ് തിക്കോടിയിലേത്. പയ്യോളി മുതൽ തിക്കോടി വരെ പരന്നുകിടക്കുന്ന അഞ്ച് കിലോമീറ്റർ ഡ്രൈവ് ഇൻ ബീച്ച്.

ബീച്ചിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും വലിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ അവ പര്യാപ്തമല്ല. സഞ്ചാരികളുടെ തിരക്ക് വർധിക്കുമ്പോഴും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാൻ അധികൃതർ മുൻകൈ എടുക്കുന്നില്ലെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

24 മണിക്കൂറും സജീവമായ ബീച്ചിൽ ഒരിടത്തുപോലും അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. രാത്രിയിലും ആളുകളെത്തുന്ന ഇവിടെ പൊലീസ് നിരീക്ഷണവും ഉണ്ടാവാറില്ല. സഞ്ചാരികൾക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങളും ഇവിടെ ഇല്ല. ജീവൻ പണയം വെച്ചാണ് പലപ്പോഴും അപകടത്തിൽപെട്ടവരെ സഹായിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

പലതവണ പ്രദേശത്തെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനപ്രതിനിധികളും പറയുന്നത്. മനം മയക്കുന്ന കടലിൻ്റെ സൗന്ദര്യവും തിരമാലകൾക്കിടയിലൂടെ വാഹനം ഓടിക്കാനുള്ള ഹരവുമാണ് തിക്കോടി ഉൾപ്പെടെയുള്ള ബീച്ചുകളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വയനാട്ടിൽ നിന്നും വിനോദ സഞ്ചാരത്തിനായെത്തിയ 25 അംഗ സംഘത്തിലെ 4 പേരാണ് ഇവിടെ മുങ്ങി മരിച്ചത്. അനാസ്ഥ മൂലം കൂടുതൽ ജീവനുകൾ പൊലിയാതിരിക്കാൻ അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com