
യുവതിയുടെ പീഡനാരോപണത്തില്‍ നടന്‍ നിവിൻ പോളി നല്‍കിയ പരാതിയില്‍ ഇന്ന് മൊഴി രേഖപ്പെടുത്തും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നൽകിയ പരാതിയിലാണ് മൊഴി രേഖപ്പെടുത്തുക. തനിക്കെതിരായ പീഡനക്കേസിൽ ഗൂഡലോചനയുണ്ടെന്ന നിവിന്‍റെ പരാതിയിലാണ് വിശദമായ അന്വേഷണം നടത്തുക. ഡിവൈഎസ്‌പി തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരിക്കും പരാതി അന്വേഷിക്കുക. ഇതിൻ്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തൽ.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. കോതമംഗലം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളി അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തത്. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിര്‍മാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറു ദിവസം തടങ്കലില്‍ വച്ച് പീഡിപ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. യുവതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ, പ്രതികരണവുമായി നിവിന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമായിരുന്നു നിവിന്റെ പ്രതികരണം. പിന്നാലെ, ഡിജിപിക്ക് പ്രാഥമിക പരാതിയും നല്‍കി.
ALSO READ: തൻ്റെ സെറ്റുകളിൽ ആര്‍ക്കും മോശം അനുഭവം നേരിട്ടതായി അറിയില്ല, ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം: ഹണി റോസ്
ദുബായില്‍ വെച്ച് പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി കൊച്ചിയില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സിനിമാപ്രവര്‍ത്തകരും പുറത്തുവിട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ലൊക്കേഷനിലുള്ള ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകരും സഹതാരങ്ങളും പങ്കുവെച്ചത്. അന്നേ ദിവസം താമസിച്ചിരുന്ന കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ബില്ലും ഈ ദിവസങ്ങളില്‍ എടുത്ത ഫോട്ടോകളുമാണ് പുറത്തുവിട്ടത്.