
വനിതാ നിർമാതാവ് നൽകിയ മാനസിക പീഡന പരാതിയിൽ നിർമാതാക്കളുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. എറണാകുളം സെൻട്രൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിർമാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി.
ALSO READ: വനിത നിർമാതാവിനെതിരെ അതിക്രമമെന്ന് പരാതി; ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന വനിത നിർമാതാവിൻ്റെ പരാതിയിൽ കേരള ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, അനില്‍ തോമസ്, ബി. രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമാ മേഖലയില്‍ നിന്നുണ്ടായ തൊഴില്‍ ചൂഷണം, ദുരനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അസോസിയേഷന് നൽകിയ പരാതി പരിഹരിക്കാൻ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
മോശം ഭാഷയിൽ സംസാരിച്ച് അപമാനിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ നിലവിൽ വന്ന പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. വരും ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.