നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കുന്നില്ല; കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിനെതിരെ വീണ്ടും പരാതി

കരുവന്നൂർ ബാങ്കിന്റെ പ്രതിസന്ധികൾ പരിഹരിച്ചെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകുന്നുണ്ടെന്നുമാണ് സർക്കാർ അവകാശവാദം. ഇത് വിശ്വസിച്ച് നിക്ഷേപം തിരികെ ലഭിക്കുന്നതിന് നിരവധി പേരാണ് ബാങ്കിനെ സമീപിക്കുന്നത്. എന്നാൽ പലർക്കും നിരാശയാണ് ഫലം.
നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കുന്നില്ല;  കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിനെതിരെ  വീണ്ടും പരാതി
Published on

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകർ. ബാങ്കിലെ സഹകാരി തൃശൂർ മാടായിക്കോണം സ്വദേശി ഗോപിനാഥനും ബന്ധുക്കളുമാണ് പരാതി ഉന്നയിക്കുന്നത്. 32 ലക്ഷത്തോളം രൂപ ബാങ്കിൽ നിക്ഷേപം ഉണ്ടെങ്കിലും പല തവണ പരാതിപ്പെട്ടിട്ടും പണം പിൻവലിക്കാനാവുന്നില്ലെന്നാണ് ഇവർ പറയുന്നത്.

ജീവിതത്തിന്റെ നല്ലകാലം മുഴുവൻ പ്രവാസിയായി ജോലി ചെയ്താണ് ഗോപിനാഥൻ സമ്പാദിച്ചതെല്ലാം. വാർധക്യകാലത്തെ അത്യാവശ്യങ്ങൾക്കായാണ് ഇതിൽ 32 ലക്ഷം രൂപ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. അടുത്തക്കാലത്തുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നിക്ഷേപം പിൻവലിക്കാൻ ബാങ്കിനെ സമീപിച്ചത്. എന്നാൽ പലതവണ പണം ആവശ്യപ്പെട്ടിട്ടും പണം തരാനില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കി അയച്ചതായാണ് ഇവർ പറയുന്നത്.

2015 ല്‍ നടന്ന ഒരു അപകടത്തില്‍ തുടയെല്ല് പൊട്ടി അതീവ ഗുരുതരാവസ്ഥയിലായ ഗോപിനാഥിന്റെ ജീവിതം അപകടത്തിന് ശേഷമാണ് ദുരിതത്തിലായത്. പരിക്ക് ഗുരുതരമായി തുടർന്നതോടെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കാലില്‍ പഴുപ്പ് കൂടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ അടിയന്തിരമായി രണ്ട് ശസ്ത്രക്രിയകൾ നടത്തി. ഇനി ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ മാത്രമേ ഗോപിനാഥന് എഴുന്നേറ്റ് നടക്കാനാകു. ഈ ആവശ്യം പറഞ്ഞ് ബന്ധുക്കൾ ബാങ്കിന്റെ പടി പലതവണ കയറിയിറങ്ങി. എന്നാൽ ഇതുവരെ തിരികെ ലഭിച്ചത് ഒന്നര ലക്ഷം രൂപ മാത്രമാണന്നും ഇവർ പറയുന്നു.

കരുവന്നൂർ ബാങ്കിന്റെ പ്രതിസന്ധികൾ പരിഹരിച്ചെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകുന്നുണ്ടെന്നുമാണ് സർക്കാർ അവകാശവാദം. ഇത് വിശ്വസിച്ച് നിക്ഷേപം തിരികെ ലഭിക്കുന്നതിന് നിരവധി പേരാണ് ബാങ്കിനെ സമീപിക്കുന്നത്. എന്നാൽ പലർക്കും നിരാശയാണ് ഫലം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com