
ഫോർട്ട് കൊച്ചിയുടെ വികസനം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നതായി പരാതി. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കൊച്ചിയുടെ മുഖമുദ്രയായ ചീനവല നവീകരണം. എന്നാൽ പദ്ധതി പകുതിയിൽ നിലച്ചതോടെ ചീനവലകളുടെ നിലനിൽപ്പ് ഇപ്പോഴും ഭീഷണിയിൽ ആണ്.
ചീനവലകൾക്ക് പരമ്പരാഗത സൗന്ദര്യം നിലനിർത്തുന്നതിന് വേണ്ടിയാണ് ഇരുമ്പ് പൈപ്പുകൾക്ക് പകരം തേക്കിൻ തടികൾ ഉപയോഗിച്ച് വലകൾ പുനർനിർമ്മിക്കാൻ തീരുമാനിച്ചത്. അതിനായി ലക്ഷങ്ങൾ മുടക്കി തേക്കിൻ തടികളും ഇറക്കി. എന്നാൽ ഇപ്പോഴും പകുതി ചീനവലകളുടെ നിർമാണം മാത്രമാണ് പുർത്തിയായതെന്നാണ് ജന പ്രതിനിധികൾ പറയുന്നത്.
3 വർഷം മുമ്പ് ചീനവലകളുടെ നവീകരണത്തിനായി ഇറക്കിയ ലക്ഷക്കണക്കിന് രൂപയുടെ തേക്കിൻ തടികൾ ഉപയോഗിക്കാതായതോടെ പലതും നശിച്ചുപോയി. പല തടികളും ദ്രവിച്ചു ഇല്ലാതെയായിക്കഴിഞ്ഞു. ചീനവലകളിൽ നിന്നുള്ള മത്സ്യ ബന്ധനത്തിന് പുറമെ ചീന വല കാണാൻ എത്തുന്ന സഞ്ചാരികൾക്ക് വലയിൽ കയറാനും ഫോട്ടോ എടുക്കാനും സൗകര്യം ഒരുക്കി, വരുമാനം കണ്ടെത്താനുള്ള പദ്ധതിയും ഒരുക്കിയിരുന്നു. എന്നാൽ മുൻപ് നിശ്ചയിച്ച പ്രകാരമുള്ള പദ്ധതികൾ നടക്കാതെയായതോടെ അതും നിലച്ചു.