
അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ സ്ക്കൂളിലെത്തിക്കുന്നതിനുള്ള വിദ്യാവാഹിനി പദ്ധതിയിൽ ലക്ഷങ്ങളുടെ കുടിശ്ശികയുള്ളതായി പരാതി. പദ്ധതിയുടെ ഭാഗമായി ഓടുന്ന വാഹനങ്ങൾക്ക് നാലുമാസമായി പണം കിട്ടുന്നില്ലെന്നാണ് ഉടമകൾ പറയുന്നത്. എന്നാൽ രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണുള്ളതെന്നും വാഹന വാടക ഉടൻ കൊടുത്ത് തീർക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഗതാഗത സൗകര്യം കുറഞ്ഞ സ്ഥലങ്ങളിൽ നിന്നും, ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ വാഹനം ഏർപ്പെടുത്തുന്ന പദ്ധതിയാണ് വിദ്യാവാഹിനി. അട്ടപ്പാടിയിൽ 120 വാഹനങ്ങളാണ് ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ സർവ്വീസ് നടത്തുന്നത്. വിവിധ ഊരുകളിൽ നിന്നായി 1500 ഓളം വിദ്യാർഥികളെ വിവിധ സ്കൂളുകളിലെത്തിക്കുന്നുണ്ട്. എന്നാൽ നാലു മാസമായി വാഹനങ്ങൾക്കുള്ള വാടക നൽകിയിട്ടില്ലെന്ന് ഉടമകൾ പറയുന്നു. കുടിശ്ശിക തീർക്കുന്നതിൽ കാലതാമസം വന്നാൽ പദ്ധതിയിൽ നിന്നും വാഹന ഉടമകൾ പിൻമാറുമോയെന്നാണ് രക്ഷിതാക്കളുടെ ആശങ്ക.
പലരും കയ്യിൽ നിന്നും പണമെടുത്തിട്ടാണ് സർവീസ് നടത്തുന്നത്. ഇത് വാഹന ഉടമകളെയും പ്രതിസന്ധിയിലാക്കുന്നു. പട്ടികവർഗ വികസന വകുപ്പിൻ്റെ കീഴിലുള്ള എൽടിഡിപിയ്ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല. രണ്ടു മാസത്തെ കുടിശ്ശിക മാത്രമാണുള്ളതെന്ന് എൽടിഡിപി പ്രൊജക്ട് ഓഫീസർ സുരേഷ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.