രക്തസാക്ഷി മരിക്കുന്നില്ല; 'സഖാവ്' പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ

തളരാത്ത മനസും ചിന്തയുമായി ഇത്രയം കാലം ജീവിച്ച പുഷ്പൻ കേരളത്തിലെ ഇടതുപക്ഷ യുവജന രാഷ്ട്രീയത്തിലെ എക്കാലത്തേയും വൈകാരിക മുഖമായിരുന്നു
രക്തസാക്ഷി മരിക്കുന്നില്ല; 'സഖാവ്' പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ
Published on

കൂത്തുപറമ്പ് സമര നായകൻ പുഷ്പന് ചൊക്ലിയിലെ വസതിയിൽ അന്ത്യാഭിവാദ്യങ്ങളേകി ജന്മനാട്. നാടിൻ്റെ സഹന സൂര്യന് വൈകാരികമായ യാത്രയയപ്പാണ് പാർട്ടിയും പ്രവർത്തകരും നൽകിയത്. നിലക്കാത്ത മുദ്രാവിളിയുടെ അകമ്പടിയോടെ, കാലങ്ങളായി പാര്‍ട്ടിയുടെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന്‍റെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയായി.

എം.വി ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. രാഗേഷ്, എം. വിജിൻ എംഎൽഎ, എ.എ. റഹീം തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ അന്തിയഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു.  'സഖാവ് മരിച്ചിട്ടില്ല ഇനിയും ജീവിക്കും, എന്നും കരുത്താണ് പുഷ്പൻ' തുടങ്ങിയ അഭിവാദ്യത്തോടെയാണ് പ്രിയ സഖാവിനെ നാടൊന്നടങ്കം യാത്രാമൊഴി നൽകിയത്. 

കോഴിക്കോട് ഡിവൈഎഫ്ഐ ഓഫീസായ യൂത്ത് സെന്ററിൽ നിന്ന് രാവിലെ എട്ട് മണിക്ക് വിലാപയാത്ര പുറപ്പെട്ടു. വഴിയരികിൽ വടകരയിലും മാഹിയിലുമെല്ലാം വിപ്ലവാഭിവാദ്യങ്ങളുമായി നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു. രാവിലെ 11 മണിയോടെ മൃതദേഹം തലശേരി ടൗൺ ഹാളിലെത്തിച്ചപ്പോൾ സ്പീക്കർ എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്തിമോചപാരം അർപ്പിച്ചു. പിന്നീട് അന്ത്യയാത്ര കൂത്തപ്പറമ്പിലെത്തിയപ്പോൾ വൈകാരികമായ നിമിഷങ്ങൾക്കാണ് നാട് സാക്ഷിയായത്.

തളരാത്ത മനസും ചിന്തയുമായി ഇത്രയം കാലം ജീവിച്ച പുഷ്പൻ കേരളത്തിലെ ഇടതുപക്ഷ യുവജന രാഷ്ട്രീയത്തിലെ എക്കാലത്തേയും വൈകാരിക മുഖമായിരുന്നു. സൈമൺ ബ്രിട്ടോയ്ക്കും മുകളിൽ പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ നെഞ്ചിലേറ്റി. നീണ്ട 30 വർഷം തളർച്ചയിൽ ജീവിച്ചപ്പോഴും പാർട്ടിയുടെ അടിയുറച്ച നിലപാടുകളില്‍ നിന്നും വ്യതിചലിക്കാത്ത നേതാവായിരുന്നു അദ്ദേഹം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുഷ്പൻ്റെ ആരോഗ്യ നില, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയായിരുന്നു മരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com