
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളിലൊരാളും സ്വാതന്ത്ര്യ സമരസേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ഓർമ്മദിനമാണ് ഇന്ന്. 76 വർഷങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 19 നാണ് അദ്ദേഹത്തിന്റെ സമരോജ്വലമായ വിപ്ലവജീവിതം അവസാനിച്ചത്.
1906ല്‍ വെെക്കത്തെ സത്യാഗ്രഹ മണ്ണില്‍ ജനിച്ച കൃഷ്ണപിള്ള, സമരം എന്ന വാക്കിന് പര്യായമായിരുന്നു. ദേശീയപ്രസ്ഥാനം മുതലിങ്ങോട്ട്, തിരുവിതാംകൂർ പ്രക്ഷോഭം, പുന്നപ്ര-വയലാർ, മലബാറിലെ കാർഷിക സമരം, തൊഴിലാളി സമരം, അങ്ങനെ വടക്കന്‍ കേരളത്തിലെ സമര മുഖമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അഹിംസാ സിദ്ധാന്തത്തിലൂടെയാണ് കൃഷ്ണപിള്ള രാഷ്ട്രീയ ജീവിതം ആരംഭിച്ചതെങ്കിലും, പിന്നീടുള്ള സഖാവ് കൃഷ്ണപിള്ളയുടെ സമര ജീവിതം വിപ്ലവം നിറഞ്ഞതായിരുന്നു.
കോഴിക്കോടിലെയും കണ്ണൂരിലെയും തടവു മുറികളിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നേതാക്കളായ, ഇഎംഎസും എകെജിയും കൃഷ്ണപിള്ളയുടെ സഖാക്കളായി മാറി. 1939ല്‍ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയിട്ട അടിത്തറ 1939-1940 വർഷങ്ങളിലായി സിപിഐയുടെ കേരളഘടകമായി വളർന്നപ്പോൾ, കൃഷ്ണപിള്ള പ്രസ്ഥാനത്തിന്‍റെ ആദ്യ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റു.
'സഖാവ്' എന്ന വാക്ക് കൃഷ്ണപിള്ളയ്ക്ക് വിളിപ്പേരായി മാറി. 20 വർഷം മാത്രമായിരുന്നു കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതം. ഇക്കാലയളവില്‍ പ്രസ്ഥാനത്തിന് വേണ്ടി ഒളിവിലും തടവിലും ജീവിച്ച അദ്ദേഹം, ഒടുവില്‍ തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ഒളിവുകാലത്ത്, തന്റെ 42-ാം വയസ്സിൽ പാമ്പ് കടിയേറ്റ് മരിക്കുകയായിരുന്നു.