നടപടികൾ പൂർത്തീകരിക്കാൻ താമസമെടുക്കുന്നു; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന രണ്ട് മലയാളികളുടെ മോചനത്തിൽ ആശങ്ക

സർക്കാർ ഇടപെടൽ വേഗത്തിലാക്കി ഇവരുടെ മോചനം സാധ്യമാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം
നടപടികൾ പൂർത്തീകരിക്കാൻ താമസമെടുക്കുന്നു; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന രണ്ട് മലയാളികളുടെ മോചനത്തിൽ ആശങ്ക
Published on

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന രണ്ട് മലയാളി യുവാക്കളുടെ മോചനത്തിലെ ആശങ്ക നീളുന്നു. തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു , വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ എന്നിവരുടെ മോചനത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇരുവരുടെയും മോചനത്തിൽ റഷ്യയുടെ ഭാഗത്ത് നിന്ന് നടപടികൾ പൂർത്തീകരിക്കാൻ താമസമെടുക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. സർക്കാർ ഇടപെടൽ വേഗത്തിലാക്കി ഇവരുടെ മോചനം സാധ്യമാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

യുദ്ധമുഖത്ത് തുടരുന്നതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും നേരത്തെ ന്യൂസ് മലയാളത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇവരെ രക്ഷിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും കാലതാമസം ഉണ്ടെന്നും എംബസി ബന്ധുക്കൾക്ക് അറിയിപ്പ് നൽകി. എന്നാൽ വൈഫൈ സൗകര്യം ലഭ്യമല്ലാത്തതിനാൽ നാട്ടിലേക്കും എംബസിയിലേക്കും ബന്ധപ്പെടാൻ ഇരുവർക്കും സാധിക്കുന്നില്ല.

ബിനിലിൻ്റെ ആരോഗ്യാവസ്ഥ മോശമായതായാണ് കുടുംബാംഗങ്ങൾ പറയുന്നത്. വൈഫൈ സൗകര്യം ഉപയോഗിക്കുന്നതിന് സഹപ്രവർത്തകർ ഇരുവരുടെയും കയ്യിൽ നിന്ന് പണം ഈടാക്കുന്നതായും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. സർക്കാർ ഇടപെടൽ വേഗത്തിലാക്കി മോചനം ഇവരുടെ മോചനം സാധ്യമാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

അതേസമയം റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാരിലെ ആദ്യ സംഘം ജന്മനാട്ടിൽ തിരിച്ചെത്തി. പഞ്ചാബ് ഹരിയാന സ്വദേശികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇന്നലെ അർധരാത്രിയോടെ മടങ്ങിയെത്തിയത്. മലയാളികൾ അടക്കമുള്ള മറ്റ് ഇന്ത്യക്കാരുടെ സംഘം ഉടൻ മടങ്ങിയെത്തും. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നു എന്ന വാർത്ത ന്യൂസ് മലയാളം ആണ് ആദ്യം പുറത്തുവിട്ടത്.

ഉപജീവനത്തിന് മാർഗം തേടി റഷ്യയിലെത്തിയവരിൽ കൂലിപ്പട്ടാളത്തിൽ ചേരേണ്ടി വന്നവരുടെ ആദ്യ സംഘമാണ് ഇന്നലെ അർധരാത്രി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്. പഞ്ചാബ് - ഹരിയാന സ്വദേശികൾ അടങ്ങുന്ന 15 പേർ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയത് ആറ് പേർ മാത്രമാണ്.

മോസ്കോയിൽ തുടരുന്ന 9 പേർ കൂടി ഇന്ന് മടങ്ങിയെത്തും. തുടർന്നുള്ള ഘട്ടങ്ങളിലായി മറ്റ് ഇന്ത്യക്കാരുടെ മോചനവും സാധ്യമാകുമെന്നാണ് സൂചന. റഷ്യയിൽ നിന്ന് മോചിതരായ ആദ്യ സംഘം നാട്ടിൽ എത്തിയ വിവരം പഞ്ചാബിൽ നിന്നുള്ള എം പി വിക്രംജിത്ത് സിംഗ് സാഹ്നിയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com