
കോട്ടയം കടുത്തുരുത്തിയിൽ ആളില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്ത് അർബൻ ബാങ്ക്. കടുത്തുരുത്തി മാന്നാർ സ്വദേശി പൂമംഗലം വീട്ടിൽ ശാന്തമ്മയുടെ വീടാണ് ജപ്തി ചെയ്തത്. ആശുപത്രിയിൽ പോയി മടങ്ങിവരുന്ന വഴിയിലാണ് വീട്ടമ്മ വീട് ജപ്തി ചെയ്തതായി കണ്ടത്. 18 ലക്ഷം രൂപയോളമാണ് ഇവർ ബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത്. ജപ്തിക്ക് പിന്നാലെ ബാങ്കിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് വീട്ടമ്മ.
കടുത്തുരുത്തി ബാങ്കിൽ നിന്നും ശാന്തമ്മയും മകനും ചേർന്ന് 7 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിൻ്റെ പലിശ ഉൾപ്പെടെ 18 ലക്ഷത്തിലധികം രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. മാർച്ച് 28ന് മുൻപ് പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്ക് കേൾക്കാൻ കൂട്ടാക്കിയില്ല. ഇതോടെ വീട്ടമ്മ ബാങ്കിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു.
ശാന്തമ്മയുടെ സഹോദരി മഹിളാമണി നിലവിൽ ഡിസിസി മെമ്പറാണ്. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന് മുന്നിൽ ഡിസിസി അംഗമായ മഹിളാമണിയുൾപ്പെടെ ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.