
മണിപ്പൂരിൽ മെയ്തി കുക്കി സംഘർഷം തുടരുന്നതിനിടെ വീണ്ടും ഡ്രോൺ ആക്രമണം. രണ്ട് സഹോദരങ്ങളടക്കം നാല് പേർക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ മണിപ്പൂർ വീണ്ടും അശാന്തമായിരിക്കുകയാണ്. മെയ്തികൾ കൂടുതലുള്ള പ്രദേശമായ സെൻജാമിനും കുക്കികൾക്ക് മേൽക്കോയ്മയുള്ള ഹരാഥേലിനും ഇടയിലുള്ള പ്രദേശത്താണ് ഡ്രോൺ ആക്രമണം നടന്നത്. രണ്ട് സഹോദരങ്ങളടക്കം നാല് പേർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ പ്രദേശത്തിന് നേരെ വ്യാപക വെടിവെപ്പ് ഉണ്ടായി. ഇതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണമെന്നും പൊലീസ് വ്യക്തമാക്കി.
പുലർച്ചെ നാല് മണിയോടെ ഇംഫാൽ ഈസ്റ്റിലെ സിനത്തിനടുത്തുള്ള എട്ടാമത്തെ ഐആർബി ബങ്കറിന് നേരെ കുക്കികൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. കമാൻഡോകളും കേന്ദ്ര സേനയും സ്ഥലത്തെത്തിയെങ്കിലും വെടിവെപ്പ് തുടർന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം വെസ്റ്റ് ഇൻഫാൽ ജില്ലയിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം കുക്കി സായുധ വിഭാഗം നടത്തിയ ആക്രണത്തിൽ സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും, രണ്ടു പൊലീസുകാരുൾപ്പെടെ 9 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇംഫാൽ വെസ്റ്റിലെ കൗത്രക്കിലായിരുന്നു ആക്രമണം നടന്നത്. മരിച്ച സ്ത്രീയുടെ 12 വയസുള്ള മകൾക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. സായുധരായ കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. തോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്തും ഡ്രോണുകളുടെ സഹായത്തോടെ ബോംബുകളിട്ടുമായിരുന്നു ആക്രമണം. താഴ്‌വരയുടെ താഴ്ന്ന മേഖലകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്.
ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെടിയുണ്ടകൾ പതിച്ച് അഞ്ചുപേർക്കും, ബോംബിൻ്റെ ചീളുകൾ തറച്ച് മറ്റുള്ളവർക്കും പരുക്കേറ്റു. ആക്രമണമുണ്ടായതോടെ കുട്ടികളും പ്രായമായവരുമടക്കം സുരക്ഷിത സ്ഥലത്തേക്ക് മാറി. അഞ്ചു മണിക്കൂറോളം വെടിവെപ്പ് തുടർന്നുവെന്നാണ് റിപ്പോർട്ട്. ഡ്രോൺ ഉപയോഗിച്ചുള്ള ബോംബാക്രമണം കാരണം സംസ്ഥാനത്തെ സുരക്ഷാഭീഷണി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സ്ഥലത്ത് കേന്ദ്ര, സംസ്ഥാന സേനകളെ വിന്യസിച്ചിട്ടുണ്ട്. അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.