
ഏകീകൃത കുർബാനയെ ചൊല്ലി കോട്ടയം വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ സംഘർഷം. കുർബാനയ്ക്കിടെ വിമത വിഭാഗം പള്ളി വികാരിയെ ആക്രമിച്ചു. മുൻ വികാരി ജെറി പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ഇരുവിഭാഗങ്ങളും പരസ്പരം കേസ് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷമുണ്ടായത്. പള്ളിയിൽ പുതുതായി പ്രീസ്റ്റ് ഇൻ ചാർജ് ആയി നിയമതനായ ഫാദർ ജോൺ തോട്ടുപുറം കുർബാന അർപ്പിക്കുമ്പോൾ ആയിരുന്നു സംഘർഷം. പുതുതായി ചുമതല ഏറ്റെടുത്ത വൈദികൻ പുതിയ രീതിയിലുള്ള കുർബാന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം തർക്കം ആരംഭിച്ചത്. ഇതിന് വിസമ്മതിച്ചതോടെ അൾത്താരയിൽ കടന്ന വിമതസംഘം വികാരിയെ ആക്രമിക്കുകയായിരുന്നു. പള്ളിയിലെ സാമഗ്രികളും ആക്രമണത്തിൽ നശിച്ചു.
പള്ളിയിലെ മുൻ വികാരി ജെറി പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് വിമത വിഭാഗം തർക്കവുമായി എത്തിയത്. സംഘർഷത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് പരിക്കേറ്റു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും പള്ളിയിൽ നിന്ന് പുറത്താക്കി. ഇരുവിഭാഗങ്ങളും പരസ്പരം കേസ് നൽകിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ വരുന്ന പ്രസാദഗിരി പള്ളിയുടെ അസീസി കോൺവെന്റിന്റെ ചാർജ് വഹിക്കുന്ന ഫാദർ ജോൺ തോട്ടുപുറത്തിന് പള്ളിയുടെ അധിക ചുമതല കൂടി നൽകി കഴിഞ്ഞ ദിവസമാണ് അതിരൂപത ആർച്ച് ബിഷപ്പ് ഉത്തരവിറക്കിയത്. ഏകീകൃത കുർബാന തർക്കത്തെ തുടർന്നായിരുന്നു മുൻ വികാരി ജെറി പാലത്തിങ്കലിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നത്.