കശ്മീരിൽ ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരുമെന്ന് കോൺഗ്രസ് സഖ്യം; പിന്തുണച്ച് പാക് പ്രതിരോധമന്ത്രി, വിവാദം

കശ്മീരിലെ തെരഞ്ഞെടുപ്പ് സഖ്യം രാജ്യദ്രോഹ സഖ്യമെന്ന് വ്യക്തമായെന്ന് ബിജെപിയുടെ വിമർശനം ഉന്നയിച്ചു
കശ്മീരിൽ ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരുമെന്ന് കോൺഗ്രസ് സഖ്യം; പിന്തുണച്ച് പാക് പ്രതിരോധമന്ത്രി, വിവാദം
Published on

കശ്മീരിൽ ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരുമെന്ന കോൺഗ്രസ് സഖ്യത്തിൻ്റെ നിലപാടിനെ പിന്തുണച്ച പാക് പ്രതിരോധമന്ത്രിയുടെ പരാമർശം രാഷ്ട്രീയ വിവാദത്തിന് കാരണമായി. കശ്മീരിലെ തെരഞ്ഞെടുപ്പ് സഖ്യം രാജ്യദ്രോഹ സഖ്യമെന്ന് വ്യക്തമായെന്ന് ബിജെപി വിമർശിച്ചു. പാകിസ്താനുമായി ബിജെപിക്കാണ് 'ജുഗൽബന്ദി'യെന്ന് കോൺഗ്രസും ആരോപിച്ചു. എന്നാൽ,  പാകിസ്താന്‍ പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

ക്യാപിറ്റൽ ടോക് എന്ന സ്വകാര്യ ചാനൽ പരിപാടിയിലായിരുന്നു പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫിൻ്റെ പ്രതികരണം. ആർട്ടിക്കിൾ 370 ൻ്റെ കാര്യത്തിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിനും പാകിസ്താനും ഒരേ നിലപാടാണ് എന്നതായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം. നാഷണൽ കോൺഫറൻസ് അധികാരം പിടിച്ചാൽ കശ്മീരിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കപ്പെടുമെന്ന് ഖവാജ ആസിഫ് പറഞ്ഞു. കശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പുണ്ടായ പാക് മന്ത്രിയുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് വഴിവച്ചത്.

പാക് മന്ത്രിയുടെ പ്രസ്താവനയിൽ നാഷണൽ കോൺഫറൻസിനും കോൺഗ്രസിനുമെതിരെ ബിജെപി രംഗത്തുവന്നു. നാഷണൽ കോൺഫറൻസ് പ്രകടനപത്രികയിൽ പാകിസ്താന്‍ സന്തുഷ്ടരാണ് എന്നായിരുന്നു മോദിയുടെ പ്രതികരണം. കേന്ദ്രത്തിൽ ഒരു സർക്കാരുണ്ടെന്നത് കോൺഗ്രസ് മറക്കുന്നു. ആർട്ടിക്കിൾ 370 ഓ, തീവ്രവാദമോ കശ്മീരിൽ തിരികെ വരാൻ പോകുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാക് മന്ത്രിയുടെ താത്പര്യം കോൺഗ്രസിനെ തുറന്നുകാട്ടിയെന്നും രാജ്യവിരുദ്ധ താല്പര്യങ്ങളിൽ കോൺഗ്രസിനും പാകിസ്താനും ഒരേ അജണ്ടയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചു. എല്ലാ രാജ്യവിരുദ്ധ ശക്തികളുടെയും പക്ഷത്ത് രാഹുലുണ്ട്. സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചതിലും സൈന്യത്തെ ആക്ഷേപിക്കുന്നതിലും മുന്നിലാണവരെന്നും അമിത് ഷാ പറഞ്ഞു.


അതേസമയം ആരോപണങ്ങൾ പാകിസ്താനും ബിജെപിയുമായുള്ള 'ജുഗൽബന്ദി'യാണെന്ന് കോൺഗ്രസും തിരിച്ചടിച്ചു. ബിജെപിക്ക് പ്രശ്‌നമുണ്ടാകുമ്പോഴെല്ലാം പാകിസ്താനിൽ നിന്ന് ഒരു പ്രണയലേഖനം വരും. അജിത് ഡോവൽ പെഗാസസ് നൽകിയിരുന്നെങ്കിൽ ഇവർ തമ്മിലുള്ള ജുഗൽബന്ദി തുറന്നുകാട്ടാമായിരുന്നുവെന്ന്  കോൺഗ്രസ് നേതാവ് പവൻ ഖേര പരിഹസിച്ചു. പാകിസ്താന്‍ പറയുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും താൻ ഇന്ത്യൻ പൗരനെന്നും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയും പ്രതികരിച്ചു. 2019 ലാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രം റദ്ദാക്കിയത്. ഇത്തവണ അധികാരത്തിൽ എത്തിയാൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് നാഷണൽ കോൺഫറൻസ് പ്രഖ്യാപിച്ചിരുന്നു. പൂർണ സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുമെന്നും കോൺഗ്രസ് വാഗ്‌ദാനം  ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com