ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ

ഡിസിസി പ്രസിഡന്റ്‌ പ്രവീൺ, എം.കെ. രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ
Published on


കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ്‌ പ്രവീൺ, എം.കെ. രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം.കെ. രാഘവന്‍ എംപി ആരോപിച്ചു. കെപിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റുവെന്നും എം.കെ. രാഘവന്‍ ആരോപിച്ചു. പൊലീസിനും സഹകരണ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎമ്മാണെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.

സിപിഎം അയ്യായിരത്തോളം കള്ളവോട്ട് ചെയ്തെന്നും 10,000 കോൺഗ്രസ് വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടുനിന്നു. കോഴിക്കോട് കമ്മീഷണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല. കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരുക്ക് പറ്റി. വനിതാ വോട്ടർമാരെ കയ്യേറ്റം ചെയ്തു. വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ നാലു മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ല. സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണെന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.

നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ഭരിച്ച ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. നിലവിലെ പാനലുമായി ഡിസിസി നേതൃത്വം പിണങ്ങുകയും ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഎമ്മും രംഗത്തെത്തി. ഇതോടെയാണ് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചത്.

ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com