
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായി പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട വിജ്ഞാപനവും. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് കോൺഗ്രസ് നേതൃത്വം. മലയോര ജനതയെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരെ ജനം ശബ്ദമുയർത്തുമെന്ന് കിസ്സാൻ കോൺഗ്രസ് പറയുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ആറാമത് കരട് വിജ്ഞാപനം പുറത്ത് വന്നിട്ടും മലയോര ജനതയുടെ ആശങ്ക അകറ്റാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകളെ ചോദ്യം ചെയ്തു മലയോര മേഖലകളിൽ പ്രതിഷേധം ഉയർന്നിരുന്നു.
ഇഎസ്എ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുന്നുവെന്ന് കിസാൻ കോൺഗ്രസ് ആരോപിക്കുന്നു. മലയോര ജനതയുടെ ആശങ്കകൾ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നിലപാടിനെതിരെ ജനങ്ങൾ വോട്ടിലൂടെ മറുപടി പറയുമെന്ന് കിസ്സാൻ കോൺഗ്രസ് ദേശീയ കോഡിനേറ്റർ മഞ്ജുഷ് മാത്യു പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ വിശദീകരണം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നാണ് മലയോര ജനത പ്രതീക്ഷിക്കുന്നത്.