
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കാൻ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല യോഗത്തിനായി ഡൽഹിയിൽ എത്തി. വൈകിട്ട് നാലിന് പാർട്ടി ആസ്ഥാനത്താണ് യോഗം. ഇന്നലെ ചെന്നിത്തല മുംബൈയിലെ വസതിയിലെത്തി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച തർക്കത്തിൽ സമവായത്തിലെത്തിയെന്നാണ് സൂചന.
അതേസമയം, തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയുമായി സീറ്റ് വിഭജന ചർച്ചകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) ശരദ് പവാർ വിഭാഗം എന്നിവരടങ്ങുന്ന പ്രതിപക്ഷ സഖ്യമാണ് മഹാ വികാസ് അഘാഡി. സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളില്‍ 260 സീറ്റുകളുടെ കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ധാരണയായി എന്ന തരത്തില്‍ വാർത്തകള്‍ വന്നിരുന്നു.
എന്നാല്‍ 200 സീറ്റുകളില്‍ മാത്രമാണ് ചർച്ച നടന്നതെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയില്ലെന്നും നാനാ പടോലെയുടെ പേര് പറയാതെ സഞ്ജയ് സൂചിപ്പിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയുമായും സംസാരിക്കുമെന്നും റാവത്ത് പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ കൂടുതല്‍ സീറ്റുകള്‍ ശിവസേനയ്ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം നാനാ പടോലെ പരിഗണിക്കാത്തതാണ് സഖ്യത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍, വിശേഷിച്ചും, വിദർഭ മേഖലയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
48 സീറ്റുകളില്‍ 13-ും വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കോണ്‍ഗ്രസിനു സാധിച്ചു. മുന്‍ തെരഞ്ഞെടുപ്പുകളിലും വിദർഭ മേഖലയില്‍ കോണ്‍ഗ്രസ് കരുത്തുതെളിയിച്ചിട്ടുണ്ട്. മാത്രമല്ല നാനാ പടോലെയുടെ ശക്തികേന്ദ്രം കൂടിയാണ് ഈ മേഖല. ഹരിയാന തെരഞ്ഞെടുപ്പില്‍ പ്രാദേശിക നേതൃത്വത്തെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിനായില്ലെന്ന ആരോപണവും ശിവസേന ഉദ്ധവ് വിഭാഗം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിൽ നവംബർ 20 നാണ് വോട്ടെടുപ്പ്. ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നവംബർ 23ന് നടക്കും.