
കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. റിട്ടേണിങ് ഓഫീസർക്കെതിരെയും കോഴിക്കോട് എസിപി ഉമേഷിനെതിരെയും നടപടി വേണമെന്നും ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. എസിപി ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 30ന് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
തെരഞ്ഞെടുപ്പിനിടെ വ്യാപക കള്ളവോട്ട് നടന്നെന്നും പലർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല എന്നുമാണ് കോൺഗ്രസിന്‍റെ ആരോപണം. ഹൈക്കോടതിയുടെ സുരക്ഷാ നിർദേശം ലംഘിച്ചെന്നാരോപിച്ചാണ് എസിപിക്കെതിരെ നടപടി വേണമെന്ന ആവശ്യം. ഐഡി കാർഡില്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് റിട്ടേണിങ് ഓഫീസർക്കെതിരായ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കോൺഗ്രസ് ഹൈക്കോടതിൽ ഹർജി നൽകുക.
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വലിയ സംഘർഷമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയത് മുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു. 38,000 വോട്ടർമാരിൽ 8,500 പേർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനായത്. തങ്ങളുടെ അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്നലെ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയായിരുന്നു ഹർത്താൽ. ഹർത്താലിനിടെ കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ വ്യാപക അക്രമമാണ് ഹർത്താൽ അനുകൂലികൾ അഴിച്ചുവിട്ടത്.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റുകളിലും കോണ്‍ഗ്രസ് വിമത മുന്നണിയാണ് വിജയിച്ചത്. വിജയിച്ചവരിൽ ഏഴ് പേർ കോൺഗ്രസ് വിമതരും നാലുപേർ സിപിഎമ്മുകാരുമാണ്. ഡിസിസിയുടെ പാനലിനെതിരെ സിപിഎം പിന്തുണയോടെയാണ് വിമതർ മത്സരിച്ചത്.നിലവിലെ ഭരണസമിതിയും ഡിസിസി നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ മറ്റൊരു പാനല്‍ രംഗത്ത് വന്നത്.