തെരഞ്ഞെടുപ്പ് പരാജയം: ഹരിയാനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബാബരിയ രാജിവെച്ചു

2024 നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ 37 സീറ്റുകൾ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്
തെരഞ്ഞെടുപ്പ്  പരാജയം: ഹരിയാനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബാബരിയ രാജിവെച്ചു
Published on

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ തോൽവിക്ക് പിന്നാലെ സംസ്ഥാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ രാജിവെച്ചു. രാജി അറിയിച്ച് ദീപക് രാഹുൽ ഗാന്ധിയുമായി ചർച്ചനടത്തി. ഹരിയാനയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കുന്നതില്‍ എതിർപ്പില്ലെന്ന് ദീപക് ബാബരിയ അറിയിച്ചതായാണ് സൂചന.

മോശം ആരോഗ്യ സ്ഥിതിയിലാണ് ദീപക് ബാബരിയ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏർപ്പെട്ടിരുന്നത്. മുമ്പ് മസ്തിഷ്‌കാഘാതം നേരിട്ട ദീപക്കിന്‍റെ ആരോഗ്യസ്ഥിതി തെരഞ്ഞെടുപ്പ് സമയത്ത് മോശമായിരുന്നതായി വാർത്തകള്‍ വന്നിരുന്നു. സ്ഥാനാർഥി നിർണയം നടന്നു കൊണ്ടിരുന്ന സമയത്താണ് രക്ത സമ്മർദം കൂടിയതിനെ തുടർന്ന് ദീപകിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

Also Read: പഞ്ചാബിൽ നിന്ന് മുംബൈയിലേക്ക്; ബാബാ സിദ്ദിഖി കൊലപാതകത്തിലെ ഷൂട്ടർമാരെ കൈകാര്യം ചെയ്തതാര്?

ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉപരിയായി ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര ഹൂഡെയുടെ എതിർപക്ഷത്തു നിന്നും ദീപക് ബാബരിയക്ക് എതിരെ ആരോപണങ്ങളും ഉയർന്നിരുന്നു. കുമാരി സെൽജ, രൺദീപ് സുർജേവാല, എന്നിങ്ങനെയുള്ള നേതാക്കൾക്ക് ജനറല്‍ സെക്രട്ടറി ചെവികൊടുക്കുന്നില്ലെന്നും ഭൂപേന്ദ്ര സിംഗ് ഹൂഡയ്ക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നുമായിരുന്നു പ്രധാന ആരോപണം.

2024 നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ 37 സീറ്റുകൾ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. വിജയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് ഫലം കാത്തിരുന്നത്. ആകെയുള്ള 90 നിയമസഭാ സീറ്റുകളിൽ 60ലധികം സീറ്റുകളായിരുന്നു കോൺഗ്രസ് പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 37 സീറ്റുകൾ മാത്രം. 48 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഹരിയാനയില്‍ സർക്കാർ രൂപീകരിച്ചത്. മൂന്നാം തവണയാണ് ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com