
ഇലക്ടറൽ ബോണ്ട് കേസിൽ ആരോപണവിധേയയായ നിർമല സീതാരാമനോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. ഇലക്ടറൽ സ്കീമുകളെക്കുറിച്ചെല്ലാം സുപ്രീം കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ധനമന്ത്രി നിർമല സീതാരാമൻ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും കോൺഗ്രസ് വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് ഇലക്ടറൽ ബോണ്ടിലൂടെ പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ബെംഗളൂരു സ്പെഷ്യൽ കോടതി ഉത്തരവിട്ടത്. ജനാധികാര സംഘർഷ സംഘടനയുടെ (ജെഎസ്‍പി) നേതാവ് ആദർശ് അയ്യർ നൽകിയ ഹർജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
നിർമല സീതാരാമനെ കൂടാതെ ബിജെപി പ്രസിഡൻ്റ് ജെ.പി. നദ്ദ, കർണാടക ബിജെപി നേതാക്കളായ നലീൻ കുമാർ കട്ടീൽ, ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെയും ആദർശ് അയ്യർ പരാതി നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്‌ഡുകൾ നടത്തുമെന്ന സമ്മർദത്തിന് വഴങ്ങി ആയിരക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിർബന്ധിതരാവുകയായിരുന്നെന്ന് പരാതിയിൽ ആരോപിക്കുന്നു.
ഈ ഇലക്ടറൽ ബോണ്ടുകൾ ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലുമുള്ള ബിജെപി നേതാക്കൾ പണമായി കൈപ്പറ്റിയതായും ആരോപണമുണ്ട്. നിർമല സീതാരാമനും മറ്റ് മുതിർന്ന ബിജെപി നേതാക്കൾക്കും രാഷ്ട്രീയ ആവശ്യങ്ങൾക്കായി കള്ളപ്പണം സമാഹരിക്കാൻ ഇലക്ടറൽ ബോണ്ട് പദ്ധതി സഹായിച്ചുവെന്നും പരാതിയിൽ പറയുന്നു.
കോൺഗ്രസിനെതിരെ പ്രത്യാക്രമണം നടത്തി, ആരോപണങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന നിർമല സീതാരാമനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ബിജെപി. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇലക്ടറൽ ബോണ്ട് വിതരണം ഒരു നയപരമായ കാര്യമാണെന്നും പാർട്ടി വാദിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ മൈസൂരു ഭൂമി തട്ടിപ്പ് കേസ് ഉയർത്തിയാണ് ബിജെപി പ്രതിരോധം സൃഷ്ടിക്കുന്നത്. ഇതോടെയാണ് ആരോപണവിധേയയായ നിർമല സീതാരാമനോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്.