ആശങ്കയായി വി.ഡി. സതീശൻ - കെ. സുധാകരൻ പോര്; കെപിസിസി പുനസംഘടന ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്

അതിനിടെ പ്ലാൻ 63 പദ്ധതിക്ക് പാർട്ടിയിൽ നിന്ന് കൂടുതൽ പിന്തുണ നേടിയെടുക്കാൻ വി.ഡി. സതീശൻ നീക്കം തുടങ്ങി.
ആശങ്കയായി വി.ഡി. സതീശൻ - കെ. സുധാകരൻ പോര്; കെപിസിസി പുനസംഘടന ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്
Published on

കെപിസിസി പുനസംഘടന ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കേരള നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകൾ വേഗത്തിൽ പൂർത്തിയാക്കും. ശേഷം കെ സി വേണുഗോപാലുമായി ആശയ വിനിമയം നടത്തിയ ശേഷം കേരളത്തിലെ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ ധരിപ്പിക്കാനാണ് തീരുമാനം. അതിനിടെ പ്ലാൻ 63 പദ്ധതിക്ക് പാർട്ടിയിൽ നിന്ന് കൂടുതൽ പിന്തുണ നേടിയെടുക്കാൻ വി.ഡി. സതീശൻ നീക്കം തുടങ്ങി.



ദീപാദാസ് മുൻഷി ഇതു വരെ കണ്ട നേതാക്കളിൽ ഭൂരിഭാഗവും കെപിസിസിയിൽ നേതൃമാറ്റമെന്ന ആശയത്തെ പിന്തുണച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഐക്യമില്ലാതെ മുന്നോട്ട് പോകുന്നുവെന്ന പരാതികളും ശക്തമാണ്. ഇതോടെയാണ് പുനസംഘടന വേഗത്തിൽ വേണമെന്ന ധാരണയിലേക്ക് ഹൈക്കമാൻഡ് നീങ്ങിയത്. കേരള നേതാക്കളുമായുള്ള ദീപാദാസ് മുൻഷിയുടെ കൂടിക്കാഴ്ച വേഗത്തിൽ പൂർത്തിയാക്കും.

കെ.സി വേണുഗോപാൽ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷം എഐസിസി അധ്യക്ഷന് മുന്നിൽ ദീപാദാസ് മുൻഷി റിപ്പോർട്ട് നൽകുമെന്നാണ് വിവരം. സുധാകരനെ മാറ്റണമെന്ന് പറയുമ്പോൾ പകരം ആരെന്ന ചോദ്യത്തിന് കേരള നേതാക്കൾക്കിടയിൽ സമയവായമില്ല. അതും ദീപാദാസ് മുൻഷി ഹൈക്കമാൻഡിനെ അറിയിക്കും. സതീശൻ - സുധാകരൻ സംയുക്ത വാർത്ത സമ്മേളനമെന്ന രാഷ്ട്രീയ കാര്യ സമിതി യോഗ തീരുമാനം ഇനി നടക്കാൻ ഇടയില്ല.


നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പദ്ധതിയിൽ കൂടുതൽ പിന്തുണ ഉറപ്പിക്കാൻ വി.ഡി സതീശനും തിരക്കിട്ട നീക്കത്തിലാണ്. വിവിധ നേതാക്കളുമായി സതീശൻ ആശയവിനിമയം തുടരുന്നുണ്ട്. കോൺഗ്രസിലെ പോരിൽ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. വി.ഡി. സതീശൻ - കെ. സുധാകരൻ പോര് കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെയും ബാധിക്കുമെന്ന് നേതാക്കൾ പറയുന്നു. ഇരുവരും ഒന്നിച്ചിരിക്കാതെ മുന്നണി യോഗത്തിൽ എങ്ങനെ അഭിപ്രായം പറയുമെന്ന് നേതാക്കൾ ചോദിച്ചു. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ കെ സുധാകരൻ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ചോദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com